പാലക്കാട് : അവശ, പിന്നാക്ക ന്യൂനപക്ഷങ്ങളെ നിര്‍ദയം അവഗണിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍. ഇന്ത്യ കണ്ട ഒരു മഹാദുരന്തത്തിന് ഇരകളായവരെ പുനരധിവസിപ്പിക്കാന്‍ ഒരണ പോലും സൗജന്യമായി നല്‍കാന്‍ കേന്ദ്രത്തിനായിട്ടില്ല. അനുവദിച്ചതാകട്ടെ ചിലവഴിക്കാനാവാത്ത തരത്തിലുള്ള വായ്പയുമാണ്. കേരളത്തോടുള്ള രാഷ്ട്രീയപരമായ താത്പര്യമില്ലായ്മയാണ് ഇതിന് കാരണം.
അതുകൊണ്ടാണ് കേന്ദ്രത്തിന്റെ ഭൂപടത്തില്‍ കേരളമില്ലെങ്കില്‍ കേരളത്തിന്റെ ഭൂപടത്തില്‍ അവരുമുണ്ടാകരുതെന്ന് ആവര്‍ത്തിച്ച് പറയുന്നതെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന നേതൃക്യാമ്പ് ‘യുവജാഗരണ്‍’ കഞ്ചിക്കോട് അഹല്യ കാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ സാന്നിധ്യമുണ്ടായിട്ടു പോലും ഇന്ത്യന്‍ പൗരന്മാരെ ചങ്ങലക്കിട്ട് അമേരിക്ക നാടുകടത്തുന്ന നീക്കവുമായി മുന്നോട്ടു പോകുന്നത് ഇന്ത്യയെ ലോകത്തിന് മുന്നില്‍ കൂടുതല്‍ പരിഹാസ്യമാക്കുന്നതാണ്.
കേന്ദ്രത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഭരണമാണ് കേരളത്തിലുന്നുള്ളത്. സര്‍ക്കാറിന് ആരോടാണ് താത്പര്യമെന്ന് വ്യക്തമാകുന്നില്ല. ന്യൂനപക്ഷ- പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് ഫണ്ടനുവദിക്കുന്നില്ല. എസ്.സി- എസ്.ടി വിഭാഗങ്ങള്‍ക്കുള്ള ഫണ്ടുകള്‍ പോലും വെട്ടിക്കുറച്ചു. ഇത് സംബന്ധിച്ച ചോദ്യത്തിന് നിയമസഭയില്‍ സര്‍ക്കാറിന് ഉത്തരമില്ല. ദുര്‍ഭരണം അസഹ്യമായതോടെ സി.പി.എമ്മിനെ പിന്തുണച്ചവര്‍ പോലും കൈവിടുന്ന സാഹചര്യമാണുള്ളത്. നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സംവരണമടക്കം അട്ടിമറിക്കുന്ന സര്‍ക്കാറുകള്‍ക്കെതിരെ ജനാധിപത്യയുദ്ധത്തിന് യുവാക്കള്‍ സുസജ്ജരാകണം.
അധികാരം കാത്തുകെട്ടിക്കിടക്കുന്ന ഒരു പ്രസ്ഥാനമല്ല ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ്, മറിച്ച് കയ്യില്‍ അധികാരമെത്തിയ ഘട്ടങ്ങളിലെല്ലാം സമൂഹത്തിന്റെ പരിവര്‍ത്തനത്തിന് വേണ്ടി അതുപയോഗിക്കേണ്ടത് എങ്ങിനെയാണെന്ന് മാതൃക കാട്ടിയ പ്രസ്ഥാനമാണ്്. മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും തൊട്ട്, സാധാരണക്കാരന്റെ കണ്ണീരൊപ്പി, അവന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക പുരോഗതിക്കായി സുസംഘടിതമായി നിലകൊണ്ട പാരമ്പര്യമാണ് മുസ്്‌ലിംലീഗിനുള്ളത്. തദ്ദേശസ്ഥാപനങ്ങള്‍ തൊട്ട് പാര്‍ലമെന്റില്‍ വരെ പ്രതിനിധകളുണ്ടാകണം, അധികാരത്തില്‍ തിരിച്ചെത്തുകയും വേണം. ഇല്ലായെങ്കില്‍ മുന്‍കാലങ്ങളില്‍ അവശ, പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുവേണ്ടി നേടിയെടുത്തവയെല്ലാം ഇല്ലായ്മ ചെയ്യപ്പെടും. ഈ വിഭാഗങ്ങളെ അത്രമാത്രം പാര്‍ശ്വവത്കരിക്കുന്ന ഭരണമാണ് രാജ്യത്തുള്ളതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആമുഖപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം , യുത്ത് ലീഗ് ദേശീയ ജന.സെക്രട്ടറി അഡ്വ വി.കെ ഫൈസല്‍ ബാബു , സംസ്ഥാന ട്രഷറര്‍ പി.ഇസ്മായില്‍, വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍ ,അഷറഫ് എടനീര്‍, കെ.എ മാഹീന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി ,അഡ്വ നസീര്‍ കാര്യറ, ഗഫൂര്‍ കോല്‍കളത്തില്‍ , ടി.പി.എം ജിഷാന്‍ , ഫാത്തിമ തഹ്‌ലിയ,ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷറഫലി, എം.എസ് .എഫ് ദേശീയ പ്രസിഡന്റ്് അഹമ്മദ് സാജു, സംസ്ഥാന പ്രസിഡന്റ്് പി.കെ നവാസ്,ജന.സെക്രട്ടറി സി.കെ നജാഫ് , എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്് എം.എം ഹമീദ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത് പ്രസംഗിച്ചു. വിവിധ സെഷനുകളില്‍ അഷറഫ് വാളൂര്‍, അഡ്വ.ദിനേഷ്, ടി.എ അഹമ്മദ് കബീര്‍ , പി.എ റഷീദ് പ്രഭാഷണം നടത്തി.