GULF

ചാരവൃത്തി ആരോപണത്തിൽ മലയാളി ഉൾപ്പെടെ 8 മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥർക്ക് ഖത്തറിൽ വധശിക്ഷ

By webdesk14

October 26, 2023

ഖത്തറില്‍ തടവിലായ എട്ടു ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. എട്ട് മുന്‍ നാവികസേന ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് ശിക്ഷ വിധിച്ചത്. ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ പ്രതികരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അല്‍ ദഹ്‌റാ കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജീവനക്കാരുടെ കുടുംബവുമായി ബന്ധപ്പെട്ട് വരുന്നതായും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. നിയമപരമായ എല്ലാ സാധ്യതകളും തേടും. ഈ വിഷയവുമായി ബന്ധപ്പെട്ട് ഖത്തര്‍ സര്‍ക്കാരുമായി ആശയവിനിമയം നടത്തും. കേസിന്റെ രഹസ്യസ്വഭാവം കണക്കിലെടുത്ത് വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പറയുന്നില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് എട്ട് ഇന്ത്യക്കാരേയും ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെയുള്ള കൃത്യമായ ആരോപണം എന്താണെന്ന് ഖത്തര്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കേസ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വിധി ഖത്തര്‍ അധികൃതരുമായി ചര്‍ച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കോണ്‍സുലര്‍ പ്രവേശനം അനുവദിച്ചതിന് ശേഷം ഒക്ടോബര്‍ ഒന്നിന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ജയിലില്‍ ഇവരെ സന്ദര്‍ശിച്ചിരുന്നു.