FOREIGN

ഒമാനില്‍ ഹെവി പിക്കപ്പ് വാഹനം മറിഞ്ഞ് മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു

By webdesk13

August 06, 2023

ഒമാനില്‍ ഹെവി പിക്കപ്പ് വാഹനം മറിഞ്ഞ് മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. കണ്ണൂര്‍ കുടുക്കിമൊട്ട് സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ്(20)ആണ് മരിച്ചത്. പിതാവിന്റെ സഹോദരി പുത്രനുമായി ഒമാനിലെ ഖസബില്‍ പോയി മടങ്ങി വരുന്ന വഴിയില്‍ ഖസബില്‍ നിന്നും ഏതാണ്ട് 10 കിലോമീറ്റര്‍ അകലെ ഹറഫില്‍ വച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 12.30നായിരുന്നു സംഭവം.

ഈജിപ്തില്‍ എംബിബിഎസിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന റാഹിദ് പിതാവിനെ കാണാനാണ് ഖസബിലെത്തിയത്. പിതാവിനെ കണ്ട് മടങ്ങുന്ന വഴിയില്‍ ഇവര്‍ സഞ്ചരിച്ച ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ റാഹിദ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് റോയല്‍ ഒമാന്‍ പൊലീസ് ഉടനെ അപകട സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഖസബ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. റാഹിദിന്റെ മൃതദേഹം ഖസബില്‍ തന്നെ ഖബറടക്കം നടത്തുന്നതിനായുള്ള നടപടികള്‍ക്കായുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് കെഎംസിസി പ്രസിഡന്റ് സിദ്ദീഖ് കണ്ണൂര്‍ പറഞ്ഞു.