മഥുര: കരിപ്പൂര്‍ വിമാനാദുരന്തത്തിന് ഒരു മാസം പിന്നിടെ അപകടത്തില്‍ മരിച്ച സഹപൈലറ്റ് അഖിലേഷിന് കുഞ്ഞ് പിറന്നു. അപകട സമയം പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു ഭാര്യ മേഘ ശുക്‌ളയ്ക്ക് കൂട്ടായി ഇനി ഈ കുഞ്ഞുപൈതലുണ്ടാകും. അച്ഛനില്ലാത്ത ലോകത്തേക്ക് ഞായറാഴ്ച മഥുര നയാതി മെഡിസിറ്റിയില്‍ വെച്ചാണ് മേഘ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ദുരന്തത്തിന് പിന്നാലെ മേഘയ്ക്കും കുടുംബത്തിനും വളരെ ബുദ്ധിമുട്ട് നിറഞ്ഞ ദിവസങ്ങളായിരുന്നുവെന്ന്, ഗര്‍ഭാവസ്ഥയില്‍ മേഘയെ പരിചയിച്ച ഡോക്ടര്‍ പ്രീതി ഭദൗരിയ പറഞ്ഞു. ‘മേഘ ശുക്ലയ്ക്ക് സെപ്റ്റംബര്‍ 5 ന് 2.75 കിലോ ഭാരമുള്ള ആണ്‍കുഞ്ഞ് ജനിച്ചു. കുഞ്ഞും അമ്മയും ആശുപത്രിയില്‍ സുഖമായിരിക്കുന്നു.അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജാവും. സുഖപ്രസവമായിരുന്നു, ഡോക്ടര്‍ അറിയിച്ചു. കുഞ്ഞിന്റെ ജനനം തങ്ങളെ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ടെന്നും കുഞ്ഞിലൂടെ അഖിലേഷ് ജീവിക്കുമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

190 പേരുമായി ദുബായില്‍നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ആഗസ്റ്റ് ഏഴിന് രാത്രിയാണ് കനത്തമഴയില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. ക്യാപ്റ്റനകടം രണ്ടു പൈലറ്റുമാരും അപകടത്തില്‍ മരിച്ചിരുന്നു.