മൈസൂരു: വിനോദയാത്രയ്ക്കെത്തിയ കണ്ണൂര്‍ സ്വദേശിനി ബസിടിച്ച് മരിച്ചു. പേരാവൂര്‍ കുണ്ടേരിപ്പൊയില്‍ എന്‍.സുരേന്ദ്രന്റെ ഭാര്യ കൗസല്യ (53) യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരി നാരായണി (82)ക്ക് ഗുരുതര പരിക്കുകളുണ്ട്.
അവരെ മൈസൂരുവിലെ ജെ.എസ്.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് കുണ്ടേരിപ്പൊയിലിലെ കോട്ടയില്‍നിന്ന് 50 പേര്‍ അടങ്ങിയ സംഘം വിനോദയാത്രയ്ക്കായി മൈസൂരുവിലെത്തിയത്. വൃന്ദാവന്‍ ഗാര്‍ഡന്‍ സന്ദര്‍ശിച്ചതിന് ശേഷം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ ബസിനടുത്ത് ഇരുന്നു ഭക്ഷണം കഴിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
ഇവരുടെ ടൂറിസ്റ്റ് ബസിന് സമീപം നില്‍ക്കുമ്പോള്‍ മറ്റൊരു ബസ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കൗസല്യയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. മാനന്തേരി വണ്ണാത്തിമൂല ഞാലില്‍ നിന്ന് ഏകദേശം ഒരു വര്‍ഷം മുമ്പാണ് കൗസല്യ കുണ്ടേരിപ്പൊയിലിലേക്ക് താമസം മാറ്റിയത്. മൈസൂരു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.