Connect with us

Video Stories

പ്രതീക്ഷയോടെ സ്വര്‍ഗം തേടി

Published

on

എ.എ വഹാബ്
ദിവ്യാനുഗ്രഹം പെയ്തിറങ്ങുന്ന പരിശുദ്ധ റമസാനിലെ പുണ്യ ദിനരാത്രങ്ങളിലൂടെയാണ് നാമിപ്പോള്‍ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ജീവിതം അല്ലാഹുവിന്റെ ഒരു പരീക്ഷണമാണ്. ഓരോരുത്തര്‍ക്കും നല്‍കപ്പെട്ടതില്‍ ആര് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നു എന്ന് പരിശോധിക്കാനുള്ള പരീക്ഷണം. വിഭവങ്ങളിലും സംഭവങ്ങളിലും നന്മതിന്മകള്‍ ഉണ്ടാവും. ഈ വക കാര്യങ്ങള്‍ക്ക് മനുഷ്യന് മാര്‍ഗദര്‍ശനം നല്‍കാന്‍ അല്ലാഹു തെരഞ്ഞെടുത്ത മാസമാണ് റമസാന്‍. മനുഷ്യാരംഭം മുതല്‍ മാലാഖമാര്‍ വഴി മനുഷ്യരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രവാചകന്മാര്‍ക്ക് ഈ മാര്‍ഗദര്‍ശന പ്രക്രിയ അല്ലാഹു നടത്തിപ്പോന്നിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ മാര്‍ഗദര്‍ശന ഗ്രന്ഥങ്ങളും റമസാനിലാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് ഇമാം ഇബ്‌നു കസീര്‍ അദ്ദേഹത്തിന്റെ ‘അല്‍ബിദായ വന്നിഹായ’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു.
തെറ്റുകള്‍ വരുത്തുന്ന പ്രകൃതമുള്ള മനസ്സിന്റെ ഉടമയായ മനുഷ്യന് റമസാന്‍ ഒരു പ്രതീക്ഷയാണ്. അനുഗ്രഹത്തിന്റെയും പാപമോചനത്തിന്റെയും നരക വിമോചനത്തിന്റെയും സ്വര്‍ഗ പ്രവേശനത്തിന്റെയും മാസം. ഓരോ സത്യവിശ്വാസിയുടെയും ശുഭപ്രതീക്ഷ പ്രപഞ്ചാതിര്‍ത്തിക്കപ്പുറം കടന്നുപോകുന്ന തരത്തിലാണ് റമസാനെക്കുറിച്ചും അല്ലാഹുവും പ്രവാചകനും വിവരിച്ചുതരുന്നത്. അനുഗ്രഹത്തിന്റെ ഈ പുണ്യമാസം സമാഗതമായാല്‍ സത്യവിശ്വാസ ഹൃദയങ്ങളില്‍ സ്വര്‍ഗവാതില്‍ തുറക്കുന്ന ബോധം സൃഷ്ടിക്കപ്പെടും. നരകവാതില്‍ അടക്കപ്പെടും. സന്മാര്‍ഗ ദര്‍ശനത്തിന്റെ ഈ മാസം വ്രതമാസമായി നിശ്ചയിക്കപ്പെട്ടു. ഉപവാസം എന്നാല്‍ കൂടെ വസിക്കലാണല്ലോ. അല്ലാഹുവോടൊപ്പം വസിക്കല്‍ എന്ന് സാരം. അടിമ എവിടെയായാലും അല്ലാഹു അവനോടൊപ്പമുണ്ടെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്.
രക്ഷിതാവിനോടൊപ്പമാണ് താന്‍ എന്ന ബോധം മനുഷ്യനെ തെറ്റില്‍ നിന്ന് അകറ്റിനിര്‍ത്തും. വ്രതം ഒരു പരിചയാണ് അതിനാല്‍ നോമ്പുകാരന്‍ തെറ്റായ പ്രവൃത്തികള്‍ ചെയ്യാതിരിക്കുകയും വിഡ്ഢിത്തം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യട്ടെ എന്ന് പ്രവാചകന്‍ നിര്‍ദ്ദേശിക്കുന്നു. വല്ലവനും നോമ്പുകാരനോട് ശണ്ഠ കൂടുകയോ അവനെ ശകാരിക്കുകയോ ചെയ്യുന്നെങ്കില്‍ താന്‍ നോമ്പുകാരനാണെന്ന് അയാള്‍ രണ്ടു പ്രാവശ്യം പറയട്ടെ. എല്ലാ സല്‍പ്രവര്‍ത്തനങ്ങള്‍ക്കും കുറഞ്ഞത് പത്ത് ഇരട്ടി പ്രതിഫലമാണ് കരുണാമയനായ അല്ലാഹു തന്റെ അടിമകള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. നോമ്പ് ആ ഗണത്തില്‍പ്പെടുത്താതെ ‘നോമ്പ് എനിക്കുള്ളതാണ് അതിന് പ്രതിഫലം നല്‍കുന്നത് ഞാനാണ്’ എന്ന് അല്ലാഹു പ്രത്യേകം വിളംബരം ചെയ്തിരിക്കുന്നു. സ്വര്‍ഗത്തില്‍ ‘റയ്യാന്‍’ എന്നു പേരുള്ള ഒരു വാതിലുണ്ട്. നോമ്പുകാര്‍ അതിലൂടെയാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കുക എന്ന് പ്രവാചകന്‍ ശുഭവാര്‍ത്ത അറിയിച്ചിട്ടുണ്ട്.
കളവ് പറയലും പ്രവര്‍ത്തിക്കലും ശകാരിക്കലും അട്ടഹസിക്കലും മറ്റനാവശ്യങ്ങള്‍ പ്രവര്‍ത്തിക്കലും ഒരാള്‍ ഒഴിവാക്കുന്നില്ലെങ്കില്‍ അവന്റെ നോമ്പ് വെറും പട്ടിണി കിടക്കലായി മാറും എന്ന് പ്രവാചകന്‍ ശക്തമായ താക്കീത് നല്‍കുന്നുണ്ട്. നോമ്പിന്റെ മര്യാദകള്‍ സൂക്ഷ്മതയോടെ പാലിക്കണം. ഒരാള്‍ നോമ്പാണെന്ന് മറന്ന് കൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ അവന്‍ നോമ്പ് പൂര്‍ത്തിയാക്കട്ടെ അല്ലാഹുവാണ് അവനെ തീറ്റിക്കുകയും കുടിപ്പിക്കുകയും ചെയ്തതെന്ന് പ്രവാചകന്‍ പറഞ്ഞതായി അബൂ ഹുറൈറയില്‍നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്യുന്നു.
കാരുണ്യത്തിന്റെ ഈ പുണ്യമാസത്തില്‍ പ്രവാചകന്‍ ഇസ്തിഗ്ഫാറും തൗബയും ദാനധര്‍മങ്ങളും മറ്റ് ആരാധനകളും ധാരാളമായി വര്‍ധിപ്പിച്ചിരുന്നു. അഗതികളെയും ആവശ്യക്കാരെയും പ്രത്യേകം പരിഗണിച്ചിരുന്നു. സാധുക്കളെ നോമ്പ് തുറപ്പിക്കാന്‍ പ്രോത്സാഹിപ്പിച്ചിരുന്നു. എല്ലാം അനന്തമായ പരലോക ജീവിത വിജയം ലക്ഷ്യംവെച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. കൃത്യമായി പറഞ്ഞാല്‍ സ്വര്‍ഗപ്രവേശനം ഇവിടെ ലഭ്യമായ താല്‍ക്കാലിക ജീവിതവും വിഭവങ്ങളും വിനിയോഗിച്ച് മരണാനന്തര ജീവിതത്തിലെ ശാശ്വത സൗഭാഗ്യം നേടിയെടുക്കാനാണ് ഓരോരുത്തരെയും ഖുര്‍ആനും പ്രവാചകനും പ്രേരിപ്പിക്കുന്നത്.
നശ്വരമായ ഭൗതിക ജീവിതത്തെ ഹൃദയസ്പിര്‍ക്കായ ഒരു ഉദാഹരണത്തിലൂടെ വിവരിച്ചു കൊണ്ട് പ്രതീക്ഷയോടെ സ്വര്‍ഗത്തിലേക്ക് പാഞ്ഞു ചെല്ലാന്‍ അല്ലാഹു നമ്മെ പ്രേരിപ്പിക്കുന്നു. ‘നിങ്ങളറിയുക: ഇഹലോക ജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്. ഒരു മഴ പോലെ, അതുമൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിച്ചു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നീ കണ്ടു. പിന്നീടത് തുരുമ്പായിപ്പോകുന്നു. പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്) കഠിന ശിക്ഷയും (സദ് വൃത്തര്‍ക്ക്) അല്ലാഹുവില്‍ നിന്നുള്ള പാപമോചനവും ഉണ്ട്. ഐഹിക ജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല (57:20).
താല്‍ക്കാലിക ഭൗതിക ജീവിതത്തിന്റെ പളുപളുപ്പില്‍ വഞ്ചിതരായി ജീവിതലക്ഷ്യം മറന്നു പോകാതെ നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുന്‍കടന്നു വരുവീന്‍. അതിന്റെ വിശാലത ആകാശഭൂമികളുടെ വിശാലതയാണ്. അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ക്ക് വേണ്ടി അത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്റെ അനുഗ്രഹമത്രെ. അവനുദ്ദേശിക്കുന്നവര്‍ക്കും അതവന്‍ നല്‍കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാണ് (57:21). അല്ലാഹു വിളിക്കുന്ന സ്വര്‍ഗത്തിലേക്ക് പാഞ്ഞുചെല്ലുവാന്‍ ഏറ്റവും പറ്റിയ ദിനരാത്രങ്ങളിലൂടെയാണ് ഓരോ സത്യവിശ്വാസിയും ഇപ്പോള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം ഗൗരവത്തോടെ ഓര്‍ക്കുക.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending