500, 1000 കറന്‍സി പിന്‍വലിച്ചതു കാരണം ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും പ്രചരിപ്പിക്കുന്നതിനിടെ കഷ്ടപ്പാടിന്റെ നേര്‍ക്കാഴ്ചകളുമായി സോഷ്യല്‍ മീഡിയ. ജനദ്രോഹപരമായ നിലപാടുകളുടെ പേരില്‍ മോദിക്ക് മൂന്നര ലക്ഷത്തോളം ട്വിറ്റര്‍ ഫോളോവേഴ്‌സ് നഷ്ടപ്പെട്ടതിനു പിന്നാലെ, ജനങ്ങളുടെ ദുരിതം വ്യക്തമാക്കുന്ന ‘അബ്കി ബാര്‍ ലംബീ കതാര്‍’ (ഇത്തവണ നീണ്ട ക്യൂ) ട്വിറ്ററില്‍ ടോപ് ട്രെന്‍ഡായി. മോദിയുടെ ‘അബ്കി ബാര്‍ മോദി സര്‍കാര്‍’ എന്ന തെരഞ്ഞെടുപ്പ് പ്രചരണവാക്യത്തിന് പാരഡിയാണിത്.

തെരുവിലൂടെ നീളുന്ന ക്യൂവിന്റെയും ജനങ്ങളുടെ രോഷത്തിന്റെയും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ധാരാളമായി പ്രചരിക്കുന്നുണ്ട്. മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലെ സൂറത്ത് നഗരത്തിലെ ഒരു ക്യൂവിന് കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ട്.
കേട്ടാലറക്കുന്ന തെറിവാചകങ്ങളോടെയാണ് പൊതുജനം സര്‍ക്കാര്‍ നിലപാടിനെ വരവേറ്റിരിക്കുന്നത്.