രാജ്‌കോട്ട്: നാലാം ദിനം രവിചന്ദ്ര അശ്വിനും വൃദ്ധിമാന്‍ സാഹയും പൊരുതിയെങ്കിലും ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 488ന് പുറത്തായി.  ഇതോടെ ഇംഗ്ലണ്ടിന് 49 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ലഭിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 70 റണ്‍സെന്ന നിലയിലാണ്. ഇതോടെ 119 റണ്‍സിന്റെ ലീഡായി ഇംഗ്ലണ്ടിന്. ആദില്‍ റാഷിദ് നാലും മുഈന്‍ അലി, സഫര്‍ അന്‍സാരി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. അല്‍ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ കളി സമനിലയിലേക്കാണ് നീങ്ങുന്നത്.

അശ്വിന്‍ (70)ഉം സാഹ (35) റണ്‍സും നേടി. നാലിന് 319 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ഇന്ത്യക്ക് അജിങ്ക്യ രഹാനെയുടെ(13) വിക്കറ്റാണ് ആദ്യം നഷ്ടമായത്. 40 റണ്‍സെടുത്ത കോഹ്‌ലി ഹിറ്റ് വിക്കറ്റിലൂടെയാണ് പുറത്തായത്. ഏഴാം വിക്കറ്റില്‍ സാഹയും അശ്വിനും ചേര്‍ന്ന് നേടിയ 109 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് മുതല്‍കൂട്ടായത്. സാഹയെ വിക്കറ്റ് കീപ്പറുടെ
കൈകളിലെത്തിച്ച് അലിയാണ് ഇംഗ്ലണ്ടിന് ആശ്വാസം നല്‍കിയത്.

നേരത്തെ സെഞ്ച്വറി നേിയ മുരളി വിജയ്(125) ചേതേശ്വര്‍ പുജാര(124) എന്നിവരുടെ മികവിലാണ് ഇന്ത്യ പൊരുതിയത്. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 537 റണ്‍സാണ് നേടിയത്. ജോ റൂട്ട്(124)മുഈന്‍ അലി(117) ബെന്‍സ്റ്റോക്ക്(128) എന്നിവരാണ് തിളങ്ങിയത്. ഇന്ത്യക്ക് വേണ്ടി ജദേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.