നാഗ്പൂര്‍: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി 20 മത്സരം ഇന്ന് നാഗ്പൂരില്‍. കുട്ടി ക്രിക്കറ്റില്‍ ഒന്നാം മത്സരത്തില്‍ തന്നെ ഇന്ത്യക്കു കനത്ത വെല്ലുവിളി തീര്‍ത്ത ഇംഗ്ലണ്ടിനെതിരെ രണ്ടാം മത്സരത്തിനിറങ്ങുന്ന കോലിപ്പട പരമ്പര രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ടെസ്റ്റിലും ഏകദിനത്തിലും തങ്ങളുടെ ശൈലി ഉപയോഗിച്ച് ഇന്ത്യയെ തളക്കാന്‍ നോക്കി ദയനീയമായി പരാജയപ്പെട്ട ഇംഗ്ലീഷുകാര്‍ പക്ഷേ ക്രിക്കറ്റിന്റെ ചെറുപതിപ്പില്‍ ശ്രമം വിജയകരമാക്കുകയും ചെയ്തു. ടെസ്റ്റിലും ഏകദിനത്തിലും ഇംഗ്ലീഷ് സംഘത്തിന് വിനയായത് ബൗളിങ് ആയിരുന്നെങ്കില്‍ ആദ്യ ടി 20യില്‍ മത്സരം ഇന്ത്യയില്‍ നിന്നും പൂര്‍ണമായും കവര്‍ന്നത് ബൗളര്‍മാരായിരുന്നു. ടിമല്‍ മില്‍സ്, ക്രിസ് ജോര്‍ദാന്‍ എന്നിവരുടെ വരവോടെ ബൗളിങില്‍ പുതിയ സമീപനമാണ് ഇംഗ്ലീഷുകാരുടേത്. ഏകദിനത്തില്‍ പരാജയപ്പെട്ടെങ്കിലും ഒരു പരിധി വരെ വിജയിച്ച ബാറ്റിങ് ലൈനപ്പ് അതേപടി നിലനിര്‍ത്തിയാണ് ടി 20യില്‍ ഇംഗ്ലണ്ട് ഇറങ്ങുന്നത്. നാഗ്പൂരിലെ രണ്ടാം മത്സരവും കൈപ്പിടിയിലൊതുക്കിയാല്‍ ടി 20 പരമ്പര നേടാന്‍ ഇംഗ്ലണ്ടിനാവും. അതേ സമയം ഇന്നത്തെ മത്സരം വിജയിക്കാനായില്ലെങ്കില്‍ പുതിയ നായകന് കീഴില്‍ ആദ്യ പരമ്പര നഷ്ടമെന്ന മോശം റെക്കോര്‍ഡാവും ഇന്ത്യയെ തേടിയെത്തുക. ആദ്യ മത്സരത്തില്‍ കാര്യമായ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്കായിരുന്നില്ല. ഇതോടൊപ്പം കൃത്യതയാര്‍ന്ന ഇംഗ്ലീഷ് ബൗളിങ് കൂടി ഒത്തു ചേര്‍ന്നതോടെ കാര്യങ്ങള്‍ വരുതിയില്‍ നിന്നും നഷ്ടമാവുകയും ചെയ്തു. ഏകദിനത്തില്‍ കേവലം 24 റണ്‍സ് മാത്രം സ്‌കോര്‍ ചെയ്ത ഓപണര്‍ കെ.എല്‍ രാഹുല്‍ സമ്മര്‍ദ്ദത്തിലാണ്. ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ടീമില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ കാര്യമായ സ്‌കോര്‍ കണ്ടെത്തേണ്ടത് അദ്ദേഹത്തിന് അത്യാവശ്യമാണ്. ഡെത്ത് ഓവറുകളില്‍ പന്തെറിയാന്‍ വിദഗ്ധനായ ക്രിസ് ജോര്‍ദാന്റെ വരവ് ഇംഗ്ലണ്ടിന് പുതിയ ഊര്‍ജ്ജമാണ് സമ്മാനിച്ചിരിക്കുന്നത്. ഓപണിങില്‍ പുതിയ പരീക്ഷണത്തിന് ഇന്ത്യ തയാറായേക്കും. രാഹുലിന് പകരം ഋഷഭ് പാന്തിനെ ഇറക്കാന്‍ കോലി മുതിര്‍ന്നേക്കും. അതേ സമയം ബൗളിങ് നിരയില്‍ മാറ്റം വരുത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. പര്‍വേസ് റസൂലിന് പകരം അമിത് മിശ്രയെ ടീമില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. ആശിഷ് നെഹ്‌റ, ബുമ്‌റ എന്നിവരില്‍ ഒരാള്‍ക്കു പകരം ഭുവനേശ്വര്‍ കുമാറിനേയും ആദ്യ ഇലവനില്‍ കൊണ്ടു വരാന്‍ സാധ്യതയുണ്ട്. ഇംഗ്ലണ്ട് ആദ്യ മത്സരത്തില്‍ വിജയിച്ച ടീമിനെ നിലനിര്‍ത്തും. കാണ്‍പൂരില്‍ നിന്നും വ്യത്യസ്ഥമായി വലിയ ഗ്രൗണ്ടാണ് നാഗ്പൂരിലേത്. ബാറ്റിങിന് അനുകൂലമായ പിച്ച് സ്പിന്നര്‍മാരേയും തുണക്കും. നാഗ്പൂരിലെ വി.സി.എ സ്റ്റേഡിയത്തില്‍ രണ്ട് ടി 20 മത്സരങ്ങള്‍ കളിച്ച ഇന്ത്യ രണ്ടിലും പരാജയപ്പെടുകയാണ് ചെയ്തത്. 2009ല്‍ ശ്രീലങ്കയോടും 2016ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡിനോടുമാണ് ഇന്ത്യ തോറ്റത്. നാഗ്പൂരില്‍ 10 ട്വന്റി ട്വന്റി മത്സരങ്ങള്‍ നടന്നതില്‍ ഏഴിലും ആദ്യം ബാറ്റ് ചെയ്ത ടീം ആണ് വിജയിച്ചിട്ടുള്ളത്.
സാധ്യത ടീം: ഇന്ത്യ-വിരാട് കോലി, കെ.എല്‍ രാഹുല്‍/ഋഷഭ് പാന്ത്, സുരേഷ് റെയ്‌ന, യുവരാജ് സിങ്, എം.എസ് ധോണി, മനീഷ് പാണ്ഡേ, ഹര്‍ദിക് പാണ്ഡ്യ, പര്‍വേസ് റസൂല്‍/ അമിത് മിശ്ര, യജുവേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍/ ആശിഷ് നെഹ്‌റ/ ജസ്പ്രീത് ബുമ്‌റ.
ഇംഗ്ലണ്ട്: സാം ബില്ലിങ്‌സ്, ജേസണ്‍ റോയ്, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, മോയിന്‍ അലി, ക്രിസ് ജോര്‍ദാന്‍, ലിയാം പ്ലന്‍കറ്റ്, ആദില്‍ റഷീദ്, ടിമല്‍ മില്‍സ്.