ജയ്പൂര്‍ : രാജസ്ഥാനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പരാജയം അറിഞ്ഞതിലും ദയനീയമെന്ന്
കണക്കുകള്‍. തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ ബൂത്തുതല കണക്ക് പരിശോധിച്ചപ്പോളാണ് ബി.ജെ.പിയെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തു വരുന്നത്. ഒരു ബൂത്തില്‍ ഒരു വോട്ടുപോലും ലഭിക്കാത്ത പാര്‍ട്ടിക്ക് മറ്റു ചില ബൂത്തുകളില്‍ ലഭിച്ച വോട്ടാകാട്ടെ ഒന്ന്, രണ്ട് എന്നിങ്ങനെ. രാജസ്ഥാനില്‍ ജനപ്രതിനിധികളുടെ മരണത്തെ തുടര്‍ന്ന് രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്
എന്നാല്‍ മൂന്നു മണ്ഡലത്തിലും ബി..െജപി ദയനീയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

അജ്മീര്‍ മണ്ഡലത്തിലെ ഡുദു തെഹ്‌സില്‍ 49-ാം നമ്പര്‍ ബൂത്തില്‍ ബി.ജെ.പി സംപൂജ്യരായപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ച വോട്ടാകട്ടെ 337. നസീറാബാദ് മണ്ഡലത്തിലെ 223-ാം നമ്പര്‍ ബൂത്തില്‍ കോണ്‍ഗ്രസ് 582 വോട്ട് നേടിയപ്പോള്‍ ബി.ജെ.പിക്ക് ലഭിച്ചത് ഒറ്റ വോട്ടാണ്. 224-ാമത്തെ ബൂത്തില്‍ കോണ്‍ഗ്രസിന് 500 പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ രണ്ട് വോട്ട് നേടാനെ ബിജെപിക്കായുള്ളു.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 2.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം സമ്മാനിച്ച അല്‍വാര്‍ മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ ഡോ.കരണ്‍ സിങ് യാദവ് രണ്ട് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.അജ്മീര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രഘുശര്‍മ ജയിച്ചു കയറിയത് 85,000 വോട്ടുള്‍ക്കാണ്. എട്ട് നിയമസഭാ മണ്ഡലങ്ങളുള്ള അജ്മീര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഒരിടത്ത് പോലും മുന്നിലെത്താന്‍ ബി.ജെ.പിക്കായില്ല എന്നതും ശ്രദ്ധേയമാണ്. മണ്ഡല്‍ഗഢ് നിയമസഭാ മണ്ഡലത്തില്‍ 12,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് വിജയിച്ചത്്.

സിറ്റിങ് സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ സഹതാപ തരംഗം ഉണ്ടാകുമെന്ന പ്രതീക്ഷിച്ച് ബന്ധുക്കളെ സ്ഥാനാര്‍ത്ഥികളാക്കിയ ബി.ജെ.പിക്ക് ഞെട്ടിക്കുന്ന തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ബൂത്തുതല വോട്ടു കണക്കുകള്‍ പുറത്തുവന്നതോടെ ബിജെപിക്കുള്ളില്‍ തന്നെ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി വസുന്ധര രാജെയെ മാറ്റണമെന്ന ആവശ്യവുമായി ഒരു വിഭാഗം സംസ്ഥാന നേതാക്കള്‍ രംഗത്തെത്തി കഴിഞ്ഞു.