ന്യൂഡല്‍ഹി: രാജ്യത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനുള്ള ‘തന്ത്രം’ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി എം.പിമാരുടെ യോഗത്തിലാണ് മോദി അടുത്ത തവണയും ഭരണം തുടരാമെന്ന പ്രതീക്ഷ പങ്കുവെച്ചത്. ഇക്കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികളെ പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കരിച്ചാല്‍ അവര്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യുമെന്ന് മോദി എം.പിമാരോട് പറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത എം.പിമാരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വന്തം ജനപ്രതിനിധികള്‍ മാത്രമുള്ള യോഗത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചു. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയം ജനാധിപത്യ വിരുദ്ധമാണെന്നായിരുന്നു ഷായുടെ ആക്ഷേപം.

അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റ് കര്‍ഷകര്‍ക്കും പാവങ്ങള്‍ക്കും ഏറെ ഗുണം ചെയ്യുന്നതാണെന്നും ഇക്കാര്യം ജനങ്ങളെ അറിയിക്കുകയാണ് എം.പിമാര്‍ ചെയ്യേണ്ടതെന്നും മോദി നിര്‍ദേശിച്ചതായി പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത് കുമാര്‍ പറഞ്ഞു. ബൂത്ത് തലത്തില്‍ യോഗം വിളിച്ച് ബജറ്റിലെ വിവിധ ക്ഷേമപദ്ധതികളെപ്പറ്റി വിശദീകരിക്കണമെന്നും ബജറ്റിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ മോക്ക് പാര്‍ലമെന്റുകള്‍ സംഘടിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

പാര്‍ലമെന്റില്‍ മോദി നന്ദിപ്രമേയ പ്രസംഗം നടത്തുന്നതിനിടെ തടസ്സപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് എം.പിമാരെ അമിത് ഷാ വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെ ജനാധിപത്യ വിരുദ്ധമായ രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നും മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായ പത്ത് വര്‍ഷങ്ങളിലും ബി.ജെ.പി നന്ദിപ്രമേയത്തിന്റെ മറുപടി പ്രസംഗം തടസ്സപ്പെടുത്തിയിട്ടില്ലെന്നും ഷാ പറഞ്ഞു.