തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതികവിദ്യാഭ്യാസ മേഖലയെ എല്‍.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്തതായി മുന്‍വിദ്യാഭ്യാസമന്ത്രി കൂടിയായ പി.കെ അബ്ദുറബ്ബ് ചൂണ്ടിക്കാട്ടി. നിയമസഭയില്‍ എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ സാങ്കേതികവിദ്യാഭ്യാസത്തിന്റെ ഹബാക്കി മാറ്റാനുള്ള യു.ഡി.എഫ് സര്‍ക്കാറിന്റെ ശ്രമങ്ങളാണ് തുടര്‍ന്ന് അധികാരത്തിലെത്തിയ എല്‍.ഡി.എഫ് തകര്‍ത്തത്. സാങ്കേതിക സര്‍വകലാശാലയില്‍ ഇടതുഅംഗങ്ങളെ കുത്തിതിരുകാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാങ്കേതിക സര്‍വകലാശാല സ്ഥാപിച്ചു കൊണ്ട് നിയമം പാസാക്കിയ നാലു വര്‍ഷം കഴിഞ്ഞിട്ടും ചട്ടങ്ങള്‍ രൂപീകരിക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ്. ഒരു ആസ്ഥാനം സ്ഥാപിക്കാനും കഴിഞ്ഞില്ല. ഇത് കാരണം സര്‍വകലാശാലക്ക് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ഒരു സര്‍വകലാശാല എന്നാല്‍ സ്വന്തമായി പഠനവകുപ്പുകളും ഗവേഷണസംവിധാനവും ഉള്‍ക്കൊള്ളുന്ന ഒരു സ്ഥാപനമാണ്. നിലവിലെ സ്ഥിതിയില്‍ അബ്ദുല്‍ കലാം സര്‍വകലാശാലയെ സര്‍വകലാശാല എന്നു വിളിക്കാനാകില്ല. കുറഞ്ഞത് അഞ്ച് വകുപ്പുകള്‍ തുടങ്ങിയാല്‍ മാത്രമേ യു.ജി.സിയുടെയും കേന്ദ്രസര്‍ക്കാറിന്റയും സഹായം ലഭിക്കു. യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിയ സര്‍വകലാശാലയെ വേണ്ടത്ര സഹായങ്ങള്‍ നല്‍കാതെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായി ഇടതു സര്‍വീസ് സംഘടനകളെ സര്‍ക്കാര്‍ ഉപയോഗിക്കുന്നു. സാങ്കേതികവിദ്യയുടെ നവീകരണത്തിന് ഒപ്പം ഗുണമേന്‍മയുള്ള സമൂഹത്തെ സൃഷ്ടിക്കാനും ഉദ്ദേശിച്ച് കൊണ്ടു വന്ന സര്‍വകലാശാലയെ രാഷ്ട്രീയലാഭത്തിനായി സര്‍ക്കാര്‍ വിനിയോഗിക്കുകയാണ്. ഇത് സംസ്ഥാനത്തിന്റെ സാങ്കേതികവിദ്യാഭ്യാസരംഗത്തെ തിരിച്ചടിക്ക് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാറിന്റെ ഇടപെടല്‍ കാരണം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ക്ക് രാജിവെച്ച് ഓടിപ്പോകേണ്ടി വന്നു. ഇപ്പോള്‍ പി.വി.സിയും ഇല്ല. സര്‍വകലാശാലയുടെ ഭരണം കുത്തൊഴിഞ്ഞ സ്ഥിതിയാണെന്നും അബ്ദുറബ്ബ് ആരോപിച്ചു.