തിരുവനന്തപുരം: ബാംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായ പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് സുരക്ഷ നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മഅ്ദനി കേരളത്തിലെത്തിയാല്‍ സുരക്ഷ ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞതായി പി.ഡി.പി നേതാക്കള്‍ പറഞ്ഞു.

മഅ്ദനിക്ക് കേരളത്തിലെത്തിയാല്‍ സുരക്ഷ നല്‍കും. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയക്കും. മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയെ പി.ഡി.പി നേതാക്കള്‍ക്ക് അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല. എന്നാല്‍ ഫോണില്‍ വിശദമായി സംസാരിച്ചുവെന്നും നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു

സുരക്ഷ ചെലവുകള്‍ക്കായി പതിനഞ്ച് ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന് കര്‍ണ്ണാകട സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതോടെയാണ് മഅദനിയുടെ കേരളയാത്ര അനിശ്ചിതത്വത്തിലായത്. പുറമെ എ.സി.പി ഉള്‍പ്പടെ 19 ഉദ്യോഗസ്ഥരുടെ വിമാന യാത്ര ചിലവും, സുരക്ഷ ഉദ്യോഗസ്ഥരുടെ പകുതി ശമ്പളവും നല്‍കണമെന്നും കര്‍ണ്ണാകട പോലീസ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യാത്ര മുടങ്ങുകയായിരുന്നു. ഇത്രയും തുക താങ്ങാനാവില്ലെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ വ്യക്തമാക്കുകയായിരുന്നു.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും അമ്മയെ കാണുന്നതിനുമാണ് മഅ്ദനി കേരളത്തില്‍ എത്തുന്നത്. ഇതിനുള്ള അനുമതി തേടി മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്‍.ഐ.എ കോടതി അനുമതി നിഷേധിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയാണ് മഅ്ദനിക്ക് അനുമതി നല്‍കിയത്.