അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെന്ന് അഭിപ്രായ സര്‍വ്വേഫലം. ഇരുകൂട്ടര്‍ക്കും 43 ശതമാനം വീതം വോട്ട് ലഭിക്കുമെന്നാണ് എബിപി ന്യൂസ് – സിഎസ്ഡിഎസ് സര്‍വ്വേ സൂചിപ്പിക്കുന്നത്. ഹര്‍ദിക് പട്ടേലിന്റെ ജനപ്രീതി കുറഞ്ഞതായും സര്‍വ്വേ ഫലം പറയുന്നു.

22 വര്‍ഷമായി ഭരണത്തിലിരിക്കുന്ന ബി.ജെ.പിയ്ക്ക് ഇത്തവണ എളുപ്പത്തില്‍ ഭരണത്തിലേറാന്‍ കഴിയില്ലെന്നാണ് സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്.
വാശിയേറിയ പോരാട്ടമാണ് ഇത്തവണ ഗുജറാത്തിലെന്ന് വ്യക്തമാക്കുന്നതാണ് സര്‍വ്വേ. 43 ശതമാനം വീതം വോട്ട് ഇരുപാര്‍ട്ടികള്‍ക്കും ലഭിക്കുമെന്ന് പറയുന്ന സര്‍വ്വേഫലം ഭൂരിപക്ഷം ബിജെപിക്കാകുമെന്നും പ്രവചിക്കുന്നു.

എന്നാല്‍ ഗോത്രവിഭാഗങ്ങളുടെ വോട്ട് ഇത്തവണ കോണ്‍ഗ്രസിനായിരിക്കും. ബി.ജെ.പിയുടെ പ്രധാന വോട്ടുബാങ്കായ പട്ടേല്‍ സമുദായത്തിന്റെ വോട്ട് ഇത്തവണ രണ്ട് ശതമാനം മാത്രമായിരിക്കും ബി.ജെ.പിയ്ക്ക് ലഭിക്കുക. ജി.എസ്.ടി മൂലം പ്രശ്നത്തിലായ വ്യാപാരികള്‍ ഇപ്പോഴും അതൃപ്തിയിലാണെന്നും സര്‍വ്വേയില്‍ പറയുന്നു.

ഡിസംബര്‍ 9 നും 14 നുമാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ്. 18 ന് ഫലമറിയാം. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ കണ്ട ജനപങ്കാളിത്തം വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 2012 ലെ തെരഞ്ഞെടുപ്പില്‍ 72 ശതമാനം വോട്ട് പങ്കാളിത്തമാണ് ബി.ജെ.പിയ്ക്കുണ്ടായിരുന്നത്. ഇത്തവണ ഭരണം ലഭിക്കുകയാണെങ്കിലും 9 ശതമാനം വോട്ടിന്റെ വ്യത്യാസമേ എതിര്‍കക്ഷിയുമായി ബി.ജെ.പിയ്ക്കുണ്ടാകൂ എന്നാണ് സര്‍വ്വേയില്‍ പറയുന്നത്.

തെക്കന്‍ ഗുജറാത്തിലൊഴികെയുള്ള പ്രദേശങ്ങളിലെ റൂറല്‍ മേഖലകളില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കും. എന്നാല്‍ അര്‍ബന്‍ മേഖലകളെല്ലാം ബിജെപിക്കൊപ്പമാണ്. മോദി പ്രചാരണത്തിനെത്തിയിട്ടില്ലാത്ത വടക്കന്‍ ഗുജറാത്തിലാണ് കോണ്‍ഗ്രസിന് വലിയ മേധാവിത്വം നിലവിലുള്ളത്.