മുംബൈ: 1993-ലെ മുംബൈ തുടര്‍ സ്‌ഫോടനകേസില്‍ അധോലോക നായകന്‍ അബുസലീമുള്‍പ്പെടെ ആറുപേര്‍ കുറ്റക്കാരെന്ന് മുംബൈയിലെ പ്രത്യേക ടാഡ കോടതി. ഇവര്‍ക്കുള്ള ശിക്ഷ കോടതി ഉടന്‍ പ്രഖ്യാപിക്കും. പ്രതികള്‍ക്കെതിരെ ഗൂഢാലോചന, ആയുധക്കടത്ത്, രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

1993-mumbai-blasts_650x400_51450426974

അബൂസലീം, മുസ്‌കഫ ദോസ, താഹിര്‍ മെര്‍ച്ചന്റ്,ഫിറോസ് ഖാന്‍, അബ്ദുല്ല ഖുയ്യാം ഷെയ്ഖ്, റിയാസ് സിദ്ദിഖി എന്നിവര്‍ക്കെതിരെയുള്ള കുറ്റം നിലനില്‍ക്കുന്നതാണെന്ന് കോടതി കണ്ടെത്തി. കേസില്‍ വിചാരണ നേരിട്ടുള്ള ഏഴുപേരില്‍ അബ്ദുല്‍ഖയ്യൂമിനെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഇയാളെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു.

1993- മാര്‍ച്ച് 12നാണ് മുംബൈ നഗരത്തിലെ 13 ഇടങ്ങളില്‍ സ്‌ഫോടനങ്ങളുണ്ടാകുന്നത്. സംഭവത്തില്‍ 257പേര്‍ കൊല്ലപ്പെട്ടു. 713പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലായിരുന്നു ആദ്യ സ്‌ഫോടനം. ഇതിന് പിന്നാലെ എയര്‍ഇന്ത്യ ബില്‍ഡിങ്ങ്, സെഞ്ച്വറി ബസാര്‍,കാത്ത ബസാര്‍, ദാദറിലെ പ്ലാസ തിയ്യേറ്റര്‍, പഞ്ചനക്ഷത്ര ഹോട്ടലുകളായ സെന്‍ഞ്ചൂര്‍, സീറോക്ക് എന്നിവിടങ്ങളിലും തുടര്‍സ്‌ഫോടനങ്ങളുണ്ടായി. സാവേരി ബസാറിലും ശിവസേന ആസ്ഥാനത്തിന് സമീപത്തെ പെട്രോള്‍ പമ്പിലുമുണ്ടായ സ്‌ഫോടനങ്ങള്‍ രാജ്യത്തെ നടുക്കി. ദാവൂദ് ഇബ്രാഹിം, ടൈഗര്‍ മേമന്‍, അയ്യൂബ് മേമന്‍ എന്നിവരാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. യാക്കൂബ് മേമനെ 2015 ജൂലായ് 30ന് തൂക്കിക്കൊന്നു.