അബുദാബിയില്‍ കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലയാളി യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. മലപ്പുറം ഒഴൂര്‍ സ്വദേശി അബ്ദുല്‍ ഹമീദിന്റെ കുടുംബത്തിനാണ് നഷ്ടപരിഹാരം നല്‍കാന്‍ അബുദാബി കോടതി ഉത്തരവിട്ടത്. മൂന്നര ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവില്‍ പറയുന്നത്. 2013 മെയില്‍ അബുദാബി ബനിയാസിലുണ്ടായ അപകടത്തിലാണ് അബ്ദുല്‍ ഹമീദ് മരിച്ചത്. അബുദാബിയില്‍ ജോലി ചെയ്ത കമ്പനിയുടെ വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ റോഡിനു കുറുകെ വന്ന ഒട്ടകവുമായി കാര്‍ കൂട്ടിയിടിക്കുകയും സാരമായി പരിക്കേറ്റ ഹമീദ് മരിക്കുകയുമായിരുന്നു. വാഹനത്തിനു ഇന്‍ഷൂറന്‍സ് ഉണ്ടായിട്ടും നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷൂറന്‍സ് കമ്പനി തയാറാകാത്തതിനെത്തുടര്‍ന്ന് അബ്ദുല്‍ ഹമീദിന്റെ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടെങ്കിലും അതിനെതിരെ ഇന്‍ഷൂറന്‍സ് കമ്പനി അപ്പീല്‍ നല്‍കി. ഇത് തള്ളിയാണ് അബുദാബി കോടതി ഹമീദിന്റെ കുടുംബത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.