തിരുവനന്തപുരം: റോഡിലെ തര്‍ക്കത്തെത്തുടര്‍ന്ന് ഡിവൈഎസ്പി. പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു മരിച്ചു. നെയ്യാറ്റിന്‍കര കൊടങ്ങാവിള കാവുവിളയില്‍ സനല്‍(32) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

കൊടങ്ങാവിള കമുകിന്‍കോടയിലെ വീട്ടില്‍ എത്തിയപ്പോള്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ബി.ഹരികുമാറാണ് യുവാവിനെ പിടിച്ചു തള്ളിയത്. വാഹനം മാറ്റിവെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് അപകടമുണ്ടായത്.

സ്വകാര്യവാഹനത്തില്‍ യൂണിഫോമിലല്ലാതെ കണ്ട ഡിവൈഎസ്പിയോട് വാഹനപാര്‍ക്കിങുമായി ബന്ധപ്പെട്ട് സനല്‍ തര്‍ക്കിച്ചു. വാക്കുതര്‍ക്കത്തിനിടെ ഡിവൈഎസ്പി സനലിനെ പിടിച്ചുതള്ളി.

റോഡിലേക്കു വീണ ഇയാളുടെ പുറത്ത് എതിരെ വന്ന കാര്‍ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ സനലിനെ നാട്ടുകാരും സംഭവമറിഞ്ഞു സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര പൊലീസും മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിെച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടമറിഞ്ഞു സ്ഥലത്തെത്തിയ നാട്ടുകാര്‍ ഡിവൈഎസ്പിയെ കൈയേറ്റം ചെയ്തു.