അടിമാലി; മാങ്കുളം ചിക്കണാംകുടിയില്‍ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തുകയും യുവതിയെ ആക്രമിച്ചു പരുക്കേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഇരുമ്പുപാലം പുല്ലാട്ടുമുഴിയില്‍ ഇക്ബാലി(51)നെയാണു മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഇയാളുടെ ആക്രമണത്തില്‍, കുടിയില്‍ താമസിച്ചിരുന്ന ലക്ഷ്മണന്‍ (54) ആണു വെട്ടേറ്റു മരിച്ചത്. വര്‍ഷങ്ങളായി കൂടെ താമസിച്ചിരുന്ന ലഷീദയ്ക്ക് (30) പരുക്കേല്‍ക്കുകയും ചെയ്തു.

ആക്രമണം നടന്ന വിവരം ലഭിച്ചതോടെ മാങ്കുളം പൊലീസ് ഔട്ട് പോസ്റ്റില്‍ നിന്ന് ആദ്യം സംഭവസ്ഥലത്ത് എത്തിയതു പൊലീസ് ഡ്രൈവര്‍ കെ.പി.ബിജുമോന്‍, സിപിഒ ടി.ആര്‍.അലിയാര്‍ എന്നിവരാണ്. ബിജു എത്തുമ്പോള്‍, അടുത്തേക്കു വന്നാല്‍ കുഞ്ഞിനെ നിലത്തടിച്ചു കൊലപ്പെടുത്തുമെന്ന് ഇക്ബാല്‍ ഭീഷണിപ്പെടുത്തി. അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ, ‘ഒരാളെ കൊന്നിട്ടുണ്ട്, അവിടെ നിന്ന് ഇപ്പോള്‍ നിലവിളി ഉയരും, 2 പേരെക്കൂടി കൊല്ലും’ എന്നു ഭീഷണി മുഴക്കി.

ഇതിനിടെ കുഞ്ഞിനെ കയ്യില്‍ നിന്നു വാങ്ങാന്‍ ശ്രമിച്ചാല്‍ നിലത്ത് അടിച്ചു കൊല്ലും എന്നു പറഞ്ഞ് പൊലീസുകാരോടു തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു. ഇതിനു വഴങ്ങില്ലെന്നു ബോധ്യമായതോടെ കുഞ്ഞിനെ നിലത്തേക്ക് എറിഞ്ഞ് ഇക്ബാല്‍ കാട്ടിലേക്ക് ഓടി. കുട്ടി നിലത്തു വീഴാതെ സാഹസികമായി പൊലീസ് ഡ്രൈവര്‍ ചാടി വീണു കൈപ്പിടിയിലാക്കുകയായിരുന്നു. പിന്നീട് പ്രതിയെ ഞായറാഴ്ച രാത്രി പതിനൊന്നോടെ അറസ്റ്റ് ചെയ്തു.

ഒരു മാസം മുമ്പ് എക്‌സൈസ് സംഘം ലക്ഷ്മണന്റെ വീട്ടില്‍ നിന്നു ചാരായം വാറ്റുന്നതിനുള്ള കോട പിടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് തന്റെ പേരു പറഞ്ഞുകൊടുത്തതിന്റെ വൈരാഗ്യവും ലഷീദയിലുള്ള സംശയവുമാണു കൊലപാതകത്തിനും ആക്രമണത്തിനും കാരണമെന്ന് ഇക്ബാല്‍ പൊലീസിനോടു പറഞ്ഞു.

കോട പിടികൂടിയതുമായി ബന്ധപ്പെട്ട് എക്‌സൈസിനു വിവരം നല്‍കിയ അയല്‍വാസികളായ 2 പേരെക്കൂടി കൊലപ്പെടുത്തുന്നതിനും ഇയാള്‍ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെ കുടിയില്‍ തെളിവെടുപ്പിന് എത്തിച്ച ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.