തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ പീരുമേട് എംഎല്‍എ ഇ.എസ് ബിജിമോള്‍ക്കെതിരെ അച്ചടക്ക നടപടിക്ക് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ ശുപാര്‍ശ. ഇന്നും നാളെയുമായി ആലപ്പുഴയില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. യോഗത്തില്‍ അച്ചടക്ക നടപടിക്ക് തീരുമാനമായാല്‍ ബിജിമോള്‍ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തപ്പെടും. മന്ത്രിയാകാത്തതു തനിക്കു ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തതിനാലാണെന്ന് ബിജിമോള്‍ എംഎല്‍എ ഒരു സ്വകാര്യമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പു സമയത്തെ ഈ പ്രസ്താവന വിവാദമായതോടെ പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. എന്നാല്‍ ബിജിമോള്‍ രണ്ടു തവണ വിശദീകരണം നല്‍കിയെങ്കിലും അവ തള്ളി സംസ്ഥാന എക്‌സിക്യൂട്ടീവ് നടപടിക്കു ശുപാര്‍ശ ചെയ്യുകയായിരുന്നു.