കോഴിക്കോട്: സീരിയല്‍ താരം അതുല്‍ശ്രീവക്കെതിരെ നടക്കുന്നത് ഗൂഢാലോചനയെന്ന് ബന്ധുക്കള്‍. കള്ളക്കേസെടുത്ത് ജയിലിലടച്ച് ഒരു കലാകാരന്റെ ഭാവി തകര്‍ക്കുകയാണെന്ന് പിതാവ് ശ്രീധരന്‍ പറഞ്ഞു.

ചെറിയൊരു വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പേരില്‍ അതുലിനെ പിടിച്ചുപറിക്കാനും ഗുണ്ടാസംഘത്തില്‍ പെട്ടവനുമാണെന്ന് ചിത്രീകരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. അതുലിനെതിരെ പരാതി നല്‍കിയത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മകനാണ്. സംഘര്‍ഷത്തില്‍ യാതൊരു പരിക്കും പറ്റാത്ത വിദ്യാര്‍ഥിയാണ് പരാതി നല്‍കിയിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.

സീരിയലുകളില്‍ നിന്നും സുഹൃദ് സംഘം നടത്തുന്ന ബാന്റ് മ്യൂസിക് ബാന്‍ഡിലൂടെയും അതുലിന് വരുമാനം ലഭിക്കുന്നുണ്ട്. അങ്ങനെയുള്ള അതുല്‍ 100 രൂപ ഗുണ്ടാപിരിവ് കൊടുക്കാത്തതിന് ആക്രമണം നടത്തിയെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ച കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ അതുലിന് പരിക്കേറ്റിരുന്നു. ഇതില്‍ പരാതിയും നല്‍കിയിരുന്നു. പരാതിയുടെ മൊഴി എടുപ്പിക്കാനെന്ന് പറഞ്ഞ് വിളിപ്പിച്ചാണ് അതുലിനെ അറസ്റ്റ് ചെയ്തതെന്നാണ് ബന്ധുക്കളുെട ആരോപണം.