കോഴിക്കോട്: ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും പണം തട്ടിയ കേസിലും സീരിയല്‍ താരം അതുല്‍ ശ്രീവയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് കസബ പോലീസ് അതുലിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് കൈരളി ഓണ്‍ലൈനാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കോളേജ് കേന്ദ്രീകരിച്ച് ഗുണ്ട ഗ്യാങ്ങുകള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസിന് അറിവ് ലഭിച്ചിട്ടുണ്ട്. കുരുക്ഷേത്ര എന്ന ഗുണ്ട ഗ്യാങ്ങിലെ അംഗമാണ് അതുല്‍ ശ്രീവയെന്ന് പോലീസ് പറയുന്നു. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി ഇവര്‍ പണം തട്ടുന്നതായും 100 രൂപയില്‍ കുറവ് നല്‍കുന്ന വിദ്യാര്‍ത്ഥികളെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതായും പോലീസ് കണ്ടെത്തി. പല വിദ്യാര്‍ത്ഥികളും പേടിച്ച് പരാതിപ്പെടുന്നില്ലെന്നും പോലീസ് പറയുന്നു. കഴിഞ്ഞ മാസം മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും പ്രതിയാണ് അതുല്‍ ശ്രീവയെന്നും പോലീസ് അറിയിച്ചു. അതേസമയം. കേസിലെ മറ്റു പ്രതികള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

എം80 മൂസ എന്ന ജനപ്രിയ സീരിയലിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ താരമാണ് അതുല്‍ ശ്രീവ. ഇതിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ അതുല്‍ ഗുരുവായൂരപ്പന്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.