അങ്കമാലി: താരസംഘടന അമ്മയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളോട് പ്രതികരണവുമായി പ്രസിഡന്റ് ഇന്നസെന്റ് രംഗത്ത്. നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ തുകയും പിഴയും അടക്കുമെന്ന് ഇന്നസെന്റ് പറഞ്ഞു.

നികുതി വെട്ടിപ്പ് ഇന്ന് നടന്ന സഭവമല്ല. കോടതിയില്‍ നികുതിവെട്ടിപ്പിനെ സംബന്ധിച്ച് കേസ് നടക്കുകയാണ്. ഒരു സംഭവം കിട്ടിയപ്പോള്‍ അമ്മയെ ക്രൂശിക്കുകയാണ്. എല്ലാവരുമല്ല, ഒന്നു രണ്ടുപേരാണ് ക്രൂശിക്കുന്നതെന്നും ഇന്നസെന്റ് പറഞ്ഞു. അത് ആരൊക്കെയാണെന്ന് നിങ്ങള്‍ക്കറിയാമെന്നും ഇന്നസെന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ വ്യാപകമായ രീതിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. നടിക്കൊപ്പവും ആരോപണവിധേയനായ നടനൊപ്പവും നിലകൊള്ളുമെന്ന പരാമര്‍ശവും വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. പിന്നീടാണ് ദിലീപ് അറസ്റ്റിലാവുന്നത്. അറസ്റ്റിലായതിനുശേഷമാണ് അമ്മയുടെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയെങ്കിലും നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളോട് ആരും പ്രതികരിച്ചിരുന്നില്ല. ചികിത്സ മൂലം ആസ്പത്രിയിലായിരുന്ന ഇന്നസെന്റ് ഇപ്പോഴാണ് പ്രതികരിക്കുന്നത്.