രാഷ്ട്രീയത്തില്‍ ചിരിയിലൂടെ ചിന്ത പടര്‍ത്തിയ നേതാവായിരുന്നു ഉഴവൂര്‍ വിജയന്‍. രാഷ്ട്രീയ എതിരാളികള്‍ക്കു പോലും ചിരിവരുന്ന രീതിയിലുള്ള നര്‍മ്മസംഭാഷണത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. തന്റെ പ്രസംഗങ്ങളെ വെറും തമാശകളായി തള്ളിക്കളയുന്നവരോട് ഒരിക്കല്‍ വിജയന്‍ പറഞ്ഞതിങ്ങനെയാണ്.

പ്രസംഗം കേള്‍ക്കാന്‍ വരുന്നത് പച്ചമനുഷ്യരാണെന്നായിരുന്നു പ്രതികരണം. പ്രസംഗം കേള്‍ക്കാന്‍ വരുന്ന പച്ചമനുഷ്യര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞുകൊടുക്കുകയാണ് താന്‍ ചെയ്യുന്നത്. പറയുന്നത് തമാശയല്ല, കാര്യങ്ങളാണ്.

കെ.എം മാണിക്കെതിരായി 2001-ല്‍ മത്സരിച്ച് തോറ്റപ്പോഴും നര്‍മ്മം കൈവിടാതെ നിന്നു അദ്ദേഹം. മാണിയുടെ ഭൂരിപക്ഷം കുറച്ചതാണ് തന്റെ വിജയമെന്ന് ചിരിയോടെ പറഞ്ഞു. വിരസതയുടെ രാഷ്ട്രീയവേദികളെപോലും നര്‍മ്മത്തിലൂടെ ജീവന്‍വെപ്പിക്കുന്ന രാഷ്ട്രീയ നേതാവായിരുന്നു ഉഴവൂര്‍ വിജയന്‍.