തിരുവനന്തപുരം: അന്തരിച്ച എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയനെതിരെ കൊലവിളി നടത്തിയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സുള്‍ഫിക്കര്‍ മയൂരിയുടെ ശബ്ദരേഖ പുറത്ത്. മനോരമ ന്യൂസാണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘അടികൊടുക്കും, കൊല്ലും, ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ല’ എന്നിങ്ങനെയായിരുന്നു നേതാവിന്റെ സംഭാഷണം. ഇത് പാര്‍ട്ടിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ച് സുല്‍ഫിക്കല്‍ പറയുകയായികുന്നു. ഇതിന് പിന്നാലെ വിജയനെ നേരിട്ടും വിളിച്ചു ഭീഷണിപ്പെടുത്തി. ഈ സംസാരത്തിനൊടുവിലാണ് ഉഴവൂര്‍ വിജയന്‍ കുഴഞ്ഞുപോയതെന്നും വിജയന്റെ സന്തതസഹചാരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ പുറത്തുവന്നിരുന്നു. സതീഷ് കല്ലക്കോടനായിരുന്നു കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ പാര്‍ട്ടിയുടെ നേതാക്കള്‍ രംഗത്തെത്തി. പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് അപകീര്‍ത്തിപരമാണെന്നും സുല്‍ഫിക്കര്‍ അത്തരത്തില്‍ ചെയ്യുന്നയാളല്ലെന്നും മന്ത്രി തോമസ് ചാണ്ടി വ്യക്തമാക്കി. അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് സുല്‍ഫിക്കര്‍ രംഗത്തെത്തിയിട്ടുണ്ട്. നേതാവ് ജീവിച്ചിരിക്കുമ്പോള്‍ ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഇപ്പോള്‍ ഉണ്ടാക്കുന്നത് എന്തോ ലക്ഷ്യം വെച്ചുള്ളതാണെന്ന് സുല്‍ഫിക്കര്‍ പറഞ്ഞു.