കൊച്ചി: അന്തരിച്ച എന്‍സിപി അധ്യക്ഷന്‍ ഉഴവൂര്‍ വിജയനു പാര്‍ട്ടി നേതാക്കളില്‍ നിന്നുണ്ടായ ഭീഷണി സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍. പാര്‍ട്ടിയില്‍ നിന്ന് ഭീഷണി നേരിട്ടതായി സ്ഥിരീകരിച്ച് എന്‍വൈസി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്്മാന്‍ രംഗത്തുവന്നത്. ഉഴവൂര്‍ നേരിട്ടിരുന്ന ഭീഷണിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കായംകുളത്തെ വ്യവസായിയായ നൗഷാദ് ഖാനാണ് തന്നോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം.വി ജയരാജനെയും അറിയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ആഗ്രോ ഇന്‍സ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ സുല്‍ഫീക്കര്‍ മയൂരി ഉഴവൂര്‍ വിജയനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ സന്തതസഹചാരി സതീഷാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഭീഷണി ഫോണ്‍ വിളിക്കു ശേഷം ഉഴവൂര്‍ വിജയന്‍ മാനസികമായും ശാരീരികമായും തളര്‍ന്നുപോയെന്നും രാജിക്കൊരുങ്ങിയതായും സതീഷ് വ്യക്തമാക്കിയിരുന്നു. കുടുംബത്തെ ചേര്‍ത്ത് ആരോപണമുന്നയിച്ചതാണ് ഉഴവൂരിനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചതെന്നും സതീഷ് പറഞ്ഞിരുന്നു.
അതേസമയം, ഫോണ്‍ സംഭാഷണത്തില്‍ കേള്‍ക്കുന്നതു തന്റെ ശബ്ദമല്ലെന്നു സുല്‍ഫിക്കര്‍ മയൂരി പ്രതികരിച്ചു.