കോട്ടയം: മുന്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനെ മരണശേഷവും വിടാതെ എന്‍സിപി. അദ്ദേഹത്തെ അധിക്ഷേപിച്ചും വിമര്‍ശിച്ചും പാര്‍ട്ടി ദേശീയ നേതാവ് മാണി സി കാപ്പനാണ് രംഗത്തുവന്നത്. ഉഴവൂരിനെ പോലുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് മാണി സി കാപ്പന്‍ തുറന്നടിച്ചു. മരിച്ചെന്നു കരുതി ഉഴവൂരിനോടുള്ള നിലപാടില്‍ മാറ്റമുണ്ടാകില്ല. നിലവിലെ സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരനെ പോലെ സ്വന്തം താല്‍പര്യം മാത്രം നോക്കിയാണ് ഉഴവൂര്‍ വിജയന്‍ പാര്‍ട്ടിയെ നയിച്ചത്. അദ്ദേഹം പ്രസിഡന്റായിരിക്കെ പാര്‍ട്ടി രണ്ട് ചേരിയായി. വിജയനെ പുറത്താക്കണമെന്ന് അന്നേ ആവശ്യപ്പെട്ടതാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു.


വിജയനെ ഫോണില്‍ വിൡച്ച് കൊലവിളി നടത്തിയ പാര്‍ട്ടി സംസ്ഥാന നേതാവിനെ ന്യായീകരിച്ചും മാണി സി കാപ്പന്‍ സംസാരിച്ചു. ആരെങ്കിലും തെറി പറഞ്ഞെന്നു കരുതി മരണം സംഭവിക്കുമോ? ഉഴവൂര്‍ വിജയന്‍ നിത്യരോഗിയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. എന്‍സിപി സംസ്ഥാന പ്രസിഡന്റായിരിക്കെ ഉഴവൂര്‍ വിജയന്റെ മരണത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ മാനസിക പീഡനമാണെന്ന ആരോപണത്തിനു മറുപടിയാണ് മാണി സി കാപ്പന്റെ പ്രതികരണം. അതേസമയം, ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച മാണി സി കാപ്പന്‍ പരസ്യമായി മാപ്പു പറയണമെന്ന് എന്‍സിപി പ്രസിഡന്റ് ടി.പി പീതാംബരന്‍ ആവശ്യപ്പെട്ടു. ജീവിച്ചിരുന്നപ്പോഴും മാണി സി കാപ്പന്‍ ഉഴവൂരിനെ മോശമായി അധിക്ഷേപിച്ചിട്ടുണ്ട്. മാണിക്കെതിരെ നടപടി പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്ന് ടി.പി പീതാംബരന്‍ പറഞ്ഞു.