തിരുവനന്തപുരം: പാര്‍ട്ടി പ്രശ്‌നങ്ങളില്‍ മനംനൊന്ത് നേതൃസ്ഥാനങ്ങളില്‍ ഉപേക്ഷിക്കാന്‍ അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ ഒരുങ്ങിയിരുന്നതായി വെളിപ്പെടുത്തല്‍.

ഉഴവൂര്‍ വിജയന്റെ അടുത്ത സുഹൃത്തും സന്തതസഹചാരിയുമായ സതീഷ് കല്ലങ്കോടാണ് ഇതുസംബന്ധിച്ച കാര്യം പുറത്തുവിട്ടത്. മരിക്കുന്നതിനു കുറച്ചു മുമ്പ് ഉഴവൂര്‍ ദുഃഖിതനായിരുന്നു. നേതാക്കളില്‍ ചിലര്‍ അദ്ദേഹത്തെ കടുത്ത ഭാഷയില്‍ അപമാനിച്ചു.

മുതിര്‍ന്ന നേതാവായ സുല്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെ ഫോണില്‍ വിളിച്ചു സംസാരിച്ച ഉടനെ തളര്‍ന്നുവീഴുകയായിരുന്നുവെന്നും സതീഷ് പറഞ്ഞു. കുടുംബത്തെ ചേര്‍ത്തുന്നയിച്ച ആരോപണങ്ങളാണ് അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ തളര്‍ത്തിയത്.

സുല്‍ഫിക്കറുമായുള്ള സംഭാഷണത്തിനിടെ ഉഴവൂര്‍ ദേഷ്യത്തില്‍ ശബ്ദമുയര്‍ത്തി സംസാരിച്ചു. അദ്ദേഹം പൊതുവെ ശബ്ദമുയര്‍ത്തി സംസാരിക്കുന്ന ആളല്ല. താനൊരു ഹൃദ്രോഗിയാണെന്നും ഉഴവൂര്‍ ഫോണില്‍ പറയുന്നത് കേട്ടതായി സതീഷ് പറഞ്ഞു.

ഏതോ ഒരു വിവാഹത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. സംഭവത്തിനു ശേഷം കിടങ്ങൂരുള്ള ആസ്പത്രിയില്‍ എത്തിച്ച് ബിപി ഉള്‍പ്പെടെയുള്ള ചെക്കപ്പുകള്‍ നടത്തി പിരിഞ്ഞു. എന്നാല്‍ കുടുംബത്തെ ചേര്‍ത്ത് നടത്തിയ ആരോപണങ്ങള്‍ അദ്ദേഹത്തെ മാനസികമായി നന്നായി തളര്‍ത്തിയിരുന്നു.

ഉഴവൂരിനെ അധ്യക്ഷ പദവിയില്‍ നിന്നും പുറത്താക്കാന്‍ പാര്‍ട്ടിയില്‍ ശ്രമം നടന്നതായും സതീഷ് പറഞ്ഞു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ജൂലൈ 23നാണ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചത്.