തിരുവനന്തപുരം: സ്ത്രീപീഡന ആരോപണത്തില്‍ അറസ്റ്റിലായ എം.വിന്‍സെന്റ് എം.എല്‍.എയെ പാര്‍ട്ടിയുടെ പദവികളില്‍ നിന്ന് നീക്കം ചെയ്തുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ എം.എം.ഹസ്സന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവില്‍ കെ.പി.സി.സി സെക്രട്ടറിയാണ് എം.വിന്‍സെന്റ്.

കോടതി കുറ്റവിമുക്തനാക്കുംവരെ പാര്‍ട്ടിയുടെ പദവികളില്‍ എം. വിന്‍സെന്റ് ഉണ്ടാവില്ല. അതുവരെ നടപടി നിലനില്‍ക്കുമെന്നും ഹസ്സന്‍ പറഞ്ഞു. എന്നാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കില്ല. എം.എല്‍.എ പാര്‍ട്ടിയുടെ അംഗത്വം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറസ്റ്റ് സി.പി.എമ്മിന്റെ ഗൂഢാലോചനയുടെ ഭാഗമാണ്. ദിലീപിനെ അറസ്റ്റുചെയ്യാന്‍ അഞ്ചുമാസമെടുത്ത പോലീസ് എന്തിനാണ് ഇത്ര ധൃതിയില്‍ വിന്‍സെന്റിനെ അറസ്റ്റുചെയ്തത്. ഇതില്‍ ആസൂത്രിത ഗൂഢാലോചനയുണ്ട്. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീയുടെ പരാതിക്കൊപ്പം കേസിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്നും എം.എം ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.