കോഴിക്കോട്: തന്നെ കേസില്‍ കുടുക്കിയതാണെന്ന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് പണം തട്ടിയെന്ന കേസില്‍ അറസ്റ്റിലായ സീരിയല്‍ താരം അതുല്‍ശ്രീവ. ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് പണം തട്ടിയെന്നായിരുന്നു അതുല്‍ശ്രീവക്കെതിരെയുള്ള പരാതി. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അതുല്‍. മീഡിയാവണ്‍ ചാനലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അതുല്‍ശ്രീവ പറഞ്ഞു. കൈയൊടിഞ്ഞ് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലായെങ്കിലും കേസെടുത്തത് തനിക്കെതിരെയാണ്. പോലീസ് ഉദ്യോഗസ്ഥന്റെ മകനെതിരെ നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ല. പോലീസ് സ്‌റ്റേഷനില്‍ വലിയ മാനസികപീഡനമാണ് നേരിട്ടതെന്നും അതുല്‍ പറഞ്ഞു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. അത് തന്നെ മാനസികമായി തളര്‍ത്തിയെന്നും അതുല്‍ കൂട്ടിച്ചേര്‍ത്തു.

പോലീസിനെതിരെ മനുഷ്യാവകാശകമ്മീഷനും പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നല്‍കാനാണ് അതുലിന്റെ തീരുമാനം. വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് അതുലിനെതിരെ കേസെടുത്തിരിക്കുന്നത്.