കൊച്ചി: ദേശീയ രാഷ്ട്രീയത്തില്‍ കടുത്ത വെല്ലുവിളികള്‍ നേരിടുന്ന കോണ്‍ഗ്രസിനെയും നേതൃത്വത്തേയും സ്വയം വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജയറാം രമേശ് രംഗത്ത്. കൊച്ചിയില്‍ വാര്‍ത്താ ഏജന്‍സി പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധികളെക്കുറിച്ചു ജയറാം രമേശ് തുറന്നടിച്ച്.

പാര്‍ട്ടിയിലെ നിലപാടുകളിലും പരിപാടികളും അടിമുടി മാറ്റം അനിവാര്യമാണെന്ന് പറഞ്ഞ ജയറാം രമേശ് കോണ്‍ഗ്രസ് അസ്തിത്വ പ്രതിസന്ധിയിലാണെന്നും തുറന്ന് സമ്മതിച്ചു.

“തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരത്തെയും തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്. 1996 മുതല്‍ 2004 വരെ അധികാരത്തിന് പുറത്തായിരുന്നു. 1977ല്‍ അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെയുള്ള തെരഞ്ഞെടുപ്പിലും പരാജയം നേരിട്ടു. പക്ഷേ, ഇപ്പോള്‍ പാര്‍ട്ടി നേരിടുന്നത് അത്തരം പ്രതിസന്ധിയല്ല. ഇന്ന് കോണ്‍ഗ്രസ് നേരിടുന്നത് തെരഞ്ഞെടുപ്പിലുണ്ടാകുന്ന പ്രതിസന്ധിയല്ല. മറിച്ച് അത് അസ്തിത്വ പ്രതിസന്ധിയാണെന്ന് ഞാന്‍ പറയും. ഇത് ഗൗരവകരവും ആഴത്തിലുള്ളതുമായ പ്രതിസന്ധിയാണിത്”. ജയറാം രമേശ് പറഞ്ഞു.

പഴയരീതിയിലുള്ള രാഷ്ട്രീയപ്രവര്‍ത്തനംകൊണ്ട് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല. നമ്മള്‍ മനസിലാക്കേണ്ടത് നാം നില്‍ക്കുന്നത് മോഡിക്കും അമിത് ഷായ്ക്കും എതിരായാണ്. അവരുടെ രാഷ്ട്രീയം വ്യത്യസ്ഥമാണ്. പുതിയ രീതിയിലാണവര്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ഇത് മറികടക്കാന്‍ കൂട്ടായ ശ്രമം പാര്‍ട്ടിയിലുണ്ടാകണം. സമീപനത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് അപ്രസക്തമാകുമെന്ന് ഉറപ്പാണ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

എന്നാല്‍ ചില നേതാക്കള്‍ ഇപ്പോഴും കരുതുന്നത് അവര്‍ അധികാരത്തിലുണ്ടെന്നാണ്. പാര്‍ട്ടിയിലെ സുല്‍ത്താന്മാരാണ് നേതാക്കളെന്നാണ് അവര്‍ കരുതുന്നതെന്നും ജയറാം രമേശ് ആരോപിച്ചു. രാജഭരണം കഴിഞ്ഞു, നമ്മുടെ ചിന്തയിലും പ്രവൃത്തിയിലും ജനങ്ങളോടുള്ള ഇടപെടലിലും പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന രീതിയിലുമെല്ലാം മാറ്റംവേണം. ഭരണവിരുദ്ധവികാരം കൊണ്ടുമാത്രം അധികാരത്തില്‍ തിരിച്ചുവരാമെന്ന് മോഹം മൗഢ്യമാണെന്നും കോണ്‍ഗ്രസ് നേതാക്കളെ ജയറാം രമേശ് ഓര്‍മിപ്പിച്ചു.

അതേസമയം, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ പാര്‍ട്ടിക്ക് കഴിയുമോ എന്ന് ചോദ്യത്തിന്, കൂട്ടായ ശ്രമംകൊണ്ട് അതു സാധിക്കുമെന്നായിരുന്നു മറുപടി. ഈവര്‍ഷം അവസാനത്തോടെ രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തെത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ബിജെപിയുടെ കുതിരക്കച്ചവടത്തെ അതിജീവിക്കാന്‍ ഗുജറാത്തിലെ 44 എംഎല്‍എമാരെ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലേക്ക് മാറ്റിയതിനെ ജയറാം രമേശ് അംഗീകരിച്ചു. അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പാക്കാനാണെന്ന് ഇത്തരം നീക്കമെന്നും പണ്ട് ബിജെപിയും എംഎല്‍എമാരെ മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.