ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.യു ഗവണ്‍മെന്റിനെ താഴെയിറക്കാനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം പൊളിച്ചു. ഹരിയാനയില്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന എം.എല്‍.എമാരുമായി യെദിയൂരപ്പ സംസ്ഥാനത്തേക്ക് മടങ്ങി. ബാക്കിയുള്ള എം.എല്‍.എമാരും ഇന്നും നാളെയുമായി തിരിച്ചെത്തുമെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ നിന്ന് എം.എല്‍.എമാരെ റാഞ്ചി സര്‍ക്കാറിനെ മറിച്ചിടാനായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. എന്നാല്‍ ബി.ജെ.പി തന്ത്രങ്ങള്‍ക്ക് ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മറുതന്ത്രം മെനഞ്ഞതോടെ ബി.ജെ.പിയുടെ ലക്ഷ്യം പൊളിഞ്ഞു. മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെയാണ് ബി.ജെ.പി ലക്ഷ്യം വെച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടതോടെ ഇവര്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തുകയായിരുന്നു.

എ.ഐ.സി.സി നിരീക്ഷകന്‍ കെ.വി വേണുഗോപാല്‍, ഡി.കെ ശിവകുമാര്‍, ഉപമുഖ്യമന്ത്രി ജി പരമേശ്വര എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് ബി.ജെ.പിയെ മുട്ടുകുത്തിച്ചത്.