കൊച്ചി: സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യു.സി.സിക്ക് കൃത്യമായ അജണ്ടയെന്ന് നടന്‍ ബാബുരാജ്. ആക്രമിക്കപ്പെട്ട നടിയെ എന്നും പിന്തുണയ്ക്കുന്ന ആളാണ് താനെന്നും ബാബുരാജ് പറഞ്ഞു.

ഞങ്ങളെ ഇരയായ ആ കുട്ടിയില്‍ നിന്ന് അകറ്റുകയാണവരുടെ ഉദ്ദേശം. ആക്രമിക്കപ്പെട്ട നടിക്കുവേണ്ടിയല്ല ഡബ്ല്യു.സി.സിയുടെ നീക്കമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റായ ലാലേട്ടന്റെ മേക്കിട്ട് കേറുകയാണ്. നടിമാര്‍ എന്നു വിശേഷിപ്പിച്ചതില്‍ എന്താണ് പ്രശ്‌നം? എന്റെ ഭാര്യ ഒരു നടിയാണ്, ഡോക്ടറെ ഡോക്ടര്‍ എന്നു വിളിച്ചാല്‍ എന്താണ് തെറ്റെന്നും അയാള്‍, അദ്ദേഹം, അങ്ങേര് എന്നൊക്കെയാണ് അവര്‍ ലാലേട്ടനെ വിശേഷിപ്പിച്ചതെന്നും ബാബുരാജ് പറഞ്ഞു.

ആക്രമിക്കപ്പെട്ട കുട്ടി എന്റെ ചങ്കാണ്. ആ കുട്ടിക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും പോകാന്‍ തയാറാണ്. അടുത്ത ജനറല്‍ ബോഡിക്കെ ദിലീപിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനാകൂ. ബൈലോ തിരുത്താന്‍ പാടില്ല. ഇവരുടെ ഓലപ്പാമ്പ് കണ്ടിട്ട് അത് മാറ്റാന്‍ പറ്റുമോയെന്നും ബാബുരാജ് ചോദിച്ചു. പാര്‍വതി അത് തെറ്റിദ്ധരിച്ചതാകാം. അല്ലെങ്കില്‍ അര്‍ത്ഥമറിയാത്തതിനാലാവാമെന്നും മാധ്യമങ്ങളോട് ബാബുരാജ് പറഞ്ഞു. ആരോപണങ്ങളോട് അമ്മ പ്രതികരിക്കുമെന്നും 24ന് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചേരുമെന്നും ബാബുരാജ് പറഞ്ഞു. ജനറല്‍ ബോഡി വിളിക്കാനും ആലോചനയുണ്ടെന്നും ബാബുരാജ് വ്യക്തമാക്കി.

ഇന്നലെയാണ് അമ്മക്കെതിരെ വനിതാ സംഘടന വിമര്‍ശനവുമായി രംഗത്തെത്തിയത്. ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു വിമര്‍ശനങ്ങള്‍.