അടിമാലി: നടന്‍ ബാബുരാജിന് നെഞ്ചില്‍ വെട്ടേറ്റു. കല്ലാര്‍ കമ്പിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍വെച്ചായിരുന്നു സംഭവം. കല്ലാര്‍ സ്വദേശി സണ്ണിയാണ് ബാബുരാജിനെ വെട്ടിയതെന്ന് പോലീസ് പറഞ്ഞു. ഇപ്പോള്‍ കൊച്ചി രാജഗിരി ആസ്പത്രിയില്‍ ബാബുരാജ് ചികിത്സയിലാണ്.

റിസോര്‍ട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വഴക്കാണ് കത്തിക്കുത്തില്‍ കലാശിച്ചത്. സമീപവാസികളുമായുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഈ കുളത്തിലെ വെള്ളമാണ് സമീപവാസികള്‍ ഉപയോഗിച്ചിരുന്നത്. കുളം വറ്റിക്കാനുള്ള ബാബുരാജിന്റെ ശ്രമത്തെ എതിര്‍ത്ത് പ്രദേശത്തുള്ളവര്‍ സംഘടിക്കുകയായിരുന്നു.

സംഘര്‍ഷത്തില്‍ ബാബുരാജിന്റെ ഇടതുനെഞ്ചിലാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ല. തുടര്‍ന്ന് അടിമാലിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.