നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി എം.പിയും ‘അമ്മ’ പ്രസിഡന്റുമായ ഇന്നസെന്റ്. ദിലീപിന് ദോഷം വരരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നത് കൊണ്ടാണ് ജയിലില്‍ സന്ദര്‍ശിക്കാതിരുന്നതെന്ന് ഇന്നസെന്റ് പറഞ്ഞു. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്നസെന്റിന്റെ പരാമര്‍ശം.

എം.പിയായിരുന്നതിനാണ് ജയിലില്‍ പോയി ദിലീപിനെ കാണാതിരുന്നത്. അമ്മയുടെ പ്രസിഡന്റ് പദവി മാത്രമായിരുന്നെങ്കില്‍ ഇടക്കിടെ പോയി കാണുമായിരുന്നു. ദിലീപിനെ ആരെല്ലാം ജയിലില്‍പോയി കണ്ടോ അവര്‍ക്കെല്ലാം അതിനുള്ള അവകാശമുണ്ട്. ഭരണകക്ഷിയുമായി ബന്ധപ്പെട്ട ഒരു പ്രതിനിധി എന്ന നിലയില്‍ താന്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചെന്ന രീതിയിലുളള വാര്‍ത്തകള്‍ ഉണ്ടാകാതിരിക്കാനാണ് മാറി നിന്നത്. അത് ദിലീപിനും അറിയാമെന്നും ഇന്നസെന്റ് പറഞ്ഞു. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുമായും താന്‍ സംസാരിച്ചിരുന്നു. അവരുടെ ഭാവിവരനേയും വിളിച്ച് സംസാരിച്ചിരുന്നുവെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

കേസില്‍ ദിലീപിന്റെ അറസ്റ്റുണ്ടാവുന്നതിന് മുമ്പ് അമ്മയുടെ നിലപാടുകള്‍ വിവാദമായിരുന്നു. ഇരക്കും ആരോപണവിധേയനുമൊപ്പമെന്ന അമ്മയുടെ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു.