കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി നടന്‍ മോഹന്‍ലാല്‍ രംഗത്ത്. മോഹന്‍ലാലിന്റെ ഔദ്യോഗിക ബ്ലോഗായ കംപ്ലീറ്റ് ആക്ടര്‍ എന്ന ബ്ലോഗില്‍ മുഖാമുഖം മോദി എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പിലാണ് താന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല ക്ഷമയുള്ള കേള്‍വിക്കാരനാണ് മോദി എന്നു മോഹന്‍ലാല്‍ വിശേഷിപ്പിക്കുന്നത്. ഞാന്‍ സംസാരിച്ചതെല്ലാം മോദി ക്ഷമയോടെ കേട്ടിരുന്നുവെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ പറയുന്നുണ്ട്.

വ്യക്തിപരമായി ഏറെ വിശേഷപ്പെട്ട ദിനമെന്നാണ് മോദി സന്ദര്‍ശനത്തെ കുറിച്ച് ലാല്‍ ബ്ലോഗില്‍ പറയുന്നത്. സെപ്തംബര്‍ മൂന്നിന് ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു മോദിയെ മോഹന്‍ലാല്‍ കണ്ടത്. മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന വിശ്വശാന്തി ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റും സംസാരിക്കാന്‍ വേണ്ടിയായിരുന്നു മോദിയുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തിയത്. മോദി തന്നെ നേരിട്ട് വന്ന് സ്വീകരിച്ചെന്നും മോഹന്‍ലാല്‍ ജീ എന്നു വിളിച്ച് കെട്ടിപ്പിടിച്ചെന്നും ബ്ലോഗില്‍ പറയുന്നുണ്ട്.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരന്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുന്നത്.