മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ ഇഷ്ടമില്ലെങ്കില്‍ രാജ്യം വിടണമെന്ന ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ പരാമര്‍ശം വിവാദമാകുന്നു. കോഹ് ലിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ നടന്‍ സിദ്ധാര്‍ത്ഥും വിമര്‍ശനവുമായെത്തി.

കോഹ്‌ലിയുടേത് ബുദ്ധിശൂന്യമായ വാക്കുകളാണെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. കിങ് കോഹ്‌ലിയായി തുടരണമെങ്കില്‍ ഇനിയെങ്കിലും ചിന്തിച്ചിട്ട് മാത്രം സംസാരിക്കണം. ദ്രാവിഡ് എങ്ങനെയായിരിക്കും ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുക എന്ന് ചിന്തിച്ച് മാത്രം ഭാവിയിലെങ്കിലും സംസാരിക്കുക. ഒരു ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്നും ഉണ്ടായിരിക്കുന്ന ബുദ്ധിശൂന്യമായ വാക്കുകളാണ് ഇതെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

ഇംഗ്ലീഷ്, ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞ ക്രിക്കറ്റ് ആരാധകനോട് ഇന്ത്യ വിട്ടു പോകണമെന്നായിരുന്നു വിരാട് കോഹ്‌ലിയുടെ നിര്‍ദ്ദേശം. തന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തതിനു പിന്നാലെ പ്രസ്തുത ആപ്പില്‍ ആരാധകരുമായി സംവദിക്കുമ്പോഴാണ് കോഹ്‌ലി വിവാദ പരാമര്‍ശം നടത്തിയത്.