പത്തനംതിട്ട: സുഹൃത്തായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി വോട്ടു ചോദിക്കാന്‍ ഇറങ്ങി നടി അനുശ്രീ. ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി റിനോയ് വര്‍ഗീസിന് വേണ്ടിയാണ് അനുശ്രീ പരസ്യപ്രചരണത്തിനിറങ്ങിയത്. സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ ഉച്ചയ്ക്കായിരുന്നു കുടുംബസംഗമം. പരിപാടിക്ക് ശേഷം ആരാധകര്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് നടി മടങ്ങിയത്.

റിനോയ് ജയിച്ചാല്‍ നാടിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്യുമെന്ന പൂര്‍ണവിശ്വാസം തനിക്കുണ്ടെന്നും എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും താന്‍ വിജയാശംസ നേരുന്നതായും അനുശ്രീ പറഞ്ഞു.

‘റിനോയ് ചേട്ടന്‍ തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ തന്നെ മനസില്‍ വേറെ ആശങ്കകളൊന്നും ഇല്ലായിരുന്നു. ഇദ്ദേഹം നിന്നാല്‍ പിന്നെ മറ്റാരും ജയിക്കില്ലെന്ന് തന്നെയാണ് തോന്നുന്നത്. പണ്ടേ തമാശയ്ക്ക് ചോദിച്ചിട്ടുണ്ട്, നിങ്ങള്‍ക്ക് ഇലക്ഷനു വല്ലോം നിന്നു കൂടെ എന്ന്. എന്തായാലും അത് സംഭവിച്ചു.’- അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ബാലഗോകുലം സംഘടിപ്പിച്ച ശോഭായാത്രയില്‍ പങ്കെടുത്ത അനുശ്രീയെ ബി.ജെ.പിയുമായി ബന്ധിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചാരണങ്ങളുണ്ടായിരുന്നു. ഇവര്‍ സൈബര്‍ ആക്രമണങ്ങല്‍ ഇരയാകുകയും ചെയ്തിരുന്നു. എന്നാല്‍ അത് അവരുടെ വ്യക്തിപരമായ ഇഷ്ടമാണെന്നും ഇത് തന്റെ വ്യക്തിപരമായ ഇഷ്ടമാണെന്നുമായിരുന്നു ഇക്കാര്യത്തില്‍ നടിയുടെ പ്രതികരണം.