മുംബൈ: സിനിമാ മേഖലയും ലഹരിമരുന്ന് മാഫിയയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുന്നതിനിടെ ലഹരിമാഫിയയുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റ്. ടിവി സീരിയല്‍ നടി പ്രീതിക ചൗഹാനാണ് ലഹരിമരുന്നുമായി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. സാവ്ധാന്‍ ഇന്ത്യ, ദേവോ കേ ദേവ് മഹാദേവ് സീരിയലുകളിലൂടെ പ്രശ്‌സ്തയായ താരമാണ് പ്രീതിക. വെര്‍സോവയിലും മുംബൈയിലുമായി എന്‍സിബി ഉദ്യോഗസ്ഥര്‍ നടത്തിയ ഓപറേഷനിലാണ് നടിയുള്‍പ്പെടെ അഞ്ചു പേരെ പിടികൂടിയത്.

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ ആരംഭിച്ച ലഹരിമരുന്ന് മാഫിയയ്‌ക്കെതിരായ ഓപറേഷന്റെ തുടര്‍ച്ചയായാണു പുതിയ അന്വേഷണം. കേസിലെ പ്രതികളുടെ എല്ലാ തരത്തിലുള്ള ബന്ധങ്ങളും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കുന്നുണ്ട്. ലഹരിമരുന്ന് വിതരണക്കാര്‍, ഉപഭോക്താക്കള്‍ എന്നിവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

മയക്കുമരുന്ന് മാഫിയയും സിനിമാ മേഖലയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. നിരവധി അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലുണ്ട്. ഇതിനിടയിലാണ് പ്രമുഖ നടി തന്നെ അറസ്റ്റിലായിരിക്കുന്നത്.