കൊച്ചി: നടിയെ ആക്രമിച്ചതിനുശേഷവും നടിയോട് പകയുമായി ദിലീപിന്റെ പെരുമാറ്റമെന്ന് കുറ്റപത്രം. ഓടുന്ന വാഹനത്തില്‍ രണ്ട് മണിക്കൂറോളമാണ് നടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. എന്നാല്‍ അതിനുശേഷവും നടിയെ ദിലീപ് മോശക്കാരിയാക്കി ചിത്രീകരിക്കുകയായിരുന്നു. താന്‍ നിരപരാധിയാണെന്ന് സ്ഥാപിക്കാനും നടിയെ പൊതുമധ്യത്തില്‍ മോശക്കാരിയാക്കാനും ദിലീപ് ശ്രമം തുടരുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതിനായി സിനിമക്കകത്തും പുറത്തുമുള്ള സുഹൃത്തുക്കളേയും സാമൂഹിക മാധ്യമങ്ങളേയും ദിലീപ് സമര്‍ത്ഥമായി ഉപയോഗിച്ചുവെന്ന് അങ്കമായി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

ദിലീപ് നിരപരാധിയാണെന്ന് പലരെക്കൊണ്ടും നടിയോട് പറയിപ്പിച്ചു. കൂടാതെ നടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് വരുത്താനും ശ്രമിച്ചതുമുള്‍പ്പെടെ നടിയെ പിന്നീടും ദിലീപ് അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു. അതേസമയം, ദിലീപിനെതിരെ ശക്തമായ തെളിവുമായി അന്വേഷണ സംഘം. ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയില്‍ ദിലീപിന്റെ പേരുണ്ടെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ദിലീപിന്റെ പേര് നടി പറഞ്ഞില്ലായിരുന്നു. എന്നാല്‍ പിന്നീട് ദിലീപിന്റെ പേര് ആവര്‍ത്തിച്ചു പറയുകയായിരുന്നു. ആക്രമിക്കപ്പെട്ട നടിയെയാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ ഒന്നാം സാക്ഷിയായി ചേര്‍ത്തിട്ടുള്ളത്. തനിക്കെതിരെ ദിലീപ് ഗൂഢാലോചന നടത്തിയിട്ടുണ്ടാവാം എന്നാണ് ഓരോ തവണ ചോദ്യം ചെയ്തപ്പോഴും നടി ആവര്‍ത്തിച്ചതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. വിവാഹബന്ധം തകര്‍ത്തതിന് നടിയോട് പ്രതികാരം ചെയ്യുമെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നു. ഇക്കാര്യം പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് നടി വ്യക്തമാക്കിയതായും കുറ്റപത്രത്തിലുണ്ട്. ലൈംഗിക ആക്രമണക്കേസില്‍ ഇരയുടെ മൊഴി നിര്‍ണ്ണായകമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നടിയുടെ മൊഴി ശക്തമായി നില്‍ക്കുമ്പോള്‍ ദിലീപിനെതിരായ കേസ് തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് കഴിയും. എന്നാല്‍ സിനിമാമേഖലയിലുള്ളവരാണ് സാക്ഷികളില്‍ മുഴുവനായുമെന്നതിനാല്‍ കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്നും അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെടും.