ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലിലേക്ക് നടന്‍മാര്‍ വീണ്ടുമെത്തി. ഇന്ന് നടന്‍ വിജയരാഘവനും നിര്‍മ്മാതാവ് രഞ്ജിത്തും ദിലീപിനെ കാണാനെത്തി. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാതെയാണ് വിജയരാഘവന്‍ മടങ്ങിയത്. എന്നാല്‍ ദിലീപ് അടുത്ത സുഹൃത്താണെന്നും സുനിയുടെ ഭീഷണി സംബന്ധിച്ച ദിലീപിന്റെ പരാതി ഡി.ജി.പിക്ക് നല്‍കിയത് താനാണെന്നും എം.രഞ്ജിത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തിരുവോണദിനത്തില്‍ നടന്‍ ജയറാം ദിലീപിന് ഓണക്കോടിയുമായി ജയിലില്‍ എത്തിയിരുന്നു. സംവിധായകന്‍ രഞ്ജിത്ത്, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, കെ.ബി.ഗണേഷ്‌കുമാര്‍, ആന്റണി പെരുമ്പാവൂര്‍, ബെന്നി പി.നായരമ്പലം, നടന്‍ സുധീര്‍, നിര്‍മ്മാതാക്കളായ എം.എം.ഹംസ, അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ തുടങ്ങിയവര്‍ ഓണത്തോടനുബന്ധിച്ച് ജയിലിലെത്തിയിരുന്നു. സിനിമയില്‍ ദിലീപിന്റെ പങ്കുപറ്റിയവര്‍ ദിലീപിനെ പിന്തുണക്കേണ്ട സമയമാണെന്ന് കെ.ബി ഗണേഷ്‌കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.