കൊച്ചി: നടി ആക്രമിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ ഇറക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നു. നേരത്തെ ദിലീപിന് വേണ്ടി വാദിച്ചിരുന്ന അഭിഭാഷകന്‍ രാംകുമാറിനെ മാറ്റി ബി.രാമന്‍പിള്ളയെയാണ് ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്. കേസില്‍ ഗൂഢാലോചനക്കുറ്റത്തിലാണ് ദിലീപിനെ അറസ്റ്റു ചെയ്തിരിക്കുന്നത്.
ടി.പി വധക്കേസില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനാണ് ബി.രാമന്‍പിള്ള. സി.പി.എം നേതാക്കളായ പി.മോഹനന്‍ ഉള്‍പ്പെടെ ടി.പിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതായിരുന്നു കേസ്. ഇതിന്റെ വിചാരണക്കിടയില്‍ പ്രോസിക്യൂഷന്‍ വാദിച്ചത് പ്രതികള്‍ എല്ലാവരും ഗൂഢാലോചനാ സമയത്ത് ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നുവെന്നാണ്. എന്നാല്‍ ഈ വാദം പൊളിച്ചടുക്കുകയായിരുന്നു രാമന്‍പിള്ള. ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടെന്ന് കരുതി എന്താണ്? അന്ന് നേതാക്കള്‍ അതേസമയം പങ്കെടുത്ത പരിപാടിയുടെ ചിത്രങ്ങള്‍ കാട്ടിയായിരുന്നു രാമന്‍പിള്ളയുടെ വാദം. ഇങ്ങനെ പോലീസ് കണക്കാക്കുന്ന ഈ സമയത്ത് പ്രതി മറ്റൊരു സ്ഥലത്തായിരുന്നുവെന്ന് കാണിക്കാന്‍ കഴിഞ്ഞാല്‍ കേസില്‍ വിജയിക്കാനാകും. ഈ വാദമാണ് ടി.പി കേസില്‍ പി.മോഹനന്‍ മാസ്റ്ററുള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടതിനു പിന്നില്‍. ഇതു തന്നെയായിരിക്കും ദിലീപിന്റെ കേസിലും പരീക്ഷിക്കുക എന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. ഗൂഢാലോചന നടന്നുവെന്ന് പറയുന്ന സമയത്ത് ദിലീപ് മറ്റൊരിടത്തായിരുന്നുവെന്ന് തെളിയിക്കാനുള്ള ശ്രമം. നിയമരംഗത്ത് ‘അലിബി’ എന്നാണ് ഈ രക്ഷാമാര്‍ഗ്ഗം അറിയപ്പെടുന്നത്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ദിലീപിനെ നേരില്‍ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല, തിരിച്ചും വിളിച്ചിട്ടില്ല, ദിലീപിന്റെ ഫോണ്‍ നമ്പറിനു വേണ്ടിയാണ് വിഷ്ണുവിനെ സുനി നാദിര്‍ഷയുടേയും അപ്പുണ്ണിയുടേയും അടുത്തേക്ക് അയക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. ഫോണ്‍ നമ്പര്‍പോലും അറിയാതെയാണോ ക്വട്ടേഷന്‍ ഏറ്റെടുക്കുന്നത് എന്ന ചോദ്യമാവും പ്രതിഭാഗം ഉന്നയിക്കുക. കൂടാതെ സാക്ഷികള്‍ കൂറുമാറാനുള്ള സാധ്യതയും കേസില്‍ തള്ളിക്കളയാനാവില്ല. അങ്ങനെയെങ്കില്‍ അലിബി പരീക്ഷണം വിജയം കാണാനാകുമെന്നതും വസ്തുതയാണ്.
ഇന്ന് പരിഗണിക്കാനിരുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ചോദിച്ചതുകൊണ്ടാണിത്. നേരത്തെ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കാതെ ദിലീപ് ഹൈക്കോടതിയെ തന്നെ സമീപിക്കുകയാണുണ്ടായത്.
Be the first to write a comment.