കൊച്ചി: എറാണാകുളത്ത് നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതിന് പിന്നില്‍ ഒരു സ്ത്രീയുടെ ക്വട്ടേഷനെന്ന് മൊഴി. കേസില്‍ അറസ്റ്റിലായ മണികണ്ഠനാണ് പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. ആക്രമണത്തിനിടെ മുഖ്യപ്രതിയായ പള്‍സര്‍ സുനി പലതവണ നടിയോട് ഇക്കാര്യം പറഞ്ഞിരുന്നതായും മണികണ്ഠന്‍ മൊഴിനല്‍കിയിട്ടുണ്ട്. അതേസമയം മണികണ്ഠന്റെ മൊഴി പൊലീസ് മുഖവിലക്കെടുത്തിട്ടില്ലെന്നാണ് അറിയുന്നത്.

നടിയെ തട്ടിക്കൊണ്ടുപോകുന്ന കാര്യത്തെപ്പറ്റി തനിക്കറിയില്ലായിരുന്നുവെന്നും പള്‍സര്‍ സുനി വിളിച്ചതിനെ തുടര്‍ന്ന് താന്‍ ഒപ്പം ചേരുകയായിരുന്നു എന്നാണ് മണികണ്ഠന്‍ ആദ്യം പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലിലാണ് മണികണ്ഠന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷനാണെന്ന് നടി പൊലീസില്‍ മൊഴിനല്‍കിയിരുന്നു. എന്നാല്‍ ആരാണ് പിന്നിലെന്ന് വ്യക്തമാക്കിയിരുന്നില്ല. അതേസമയം പള്‍സര്‍ സുനിയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അന്വേഷണ സംഘം.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നടന്ന സംഭവം ഒരാഴ്ച ആവാനിരിക്കെ  മുഖ്യപ്രതിയെ കണ്ടെത്താന്‍ ഇതുവരെ പൊലീസിനായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെയാണ് ഇതുവരെ പിടികൂടിയത്. ഇതില്‍ ഒരാള്‍ സംഭവം നടക്കുമ്പോള്‍ നടിയുടെ കാര്‍ ഓടിച്ച ഡ്രൈവറാണ്. സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് സിനിമാ മേഖലയില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.