മമ്മുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വ്വതി. മമ്മുട്ടി അടുത്തിടെ അഭിനയിച്ച കസബ എന്ന ചിത്രത്തിനെതിരെയാണ് പാര്‍വ്വതി വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു താരം.

പേരെടുത്തുപറയാതെയാണ് മമ്മുട്ടിക്കെതിരേയും ചിത്രത്തിനെതിരേയും പാര്‍വ്വതി ആദ്യം വിമര്‍ശനമുന്നയിച്ചത്. എന്നാല്‍ നടി ഗീതുമോഹന്‍ദാസിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ചിത്രത്തിന്റെ പേരും മമ്മുട്ടിയുടെ പേരും പാര്‍വ്വതി പറയുകയായിരുന്നു. അടുത്തിടെ ഒരു ചിത്രം കണ്ടിരുന്നുവെന്നും അതിന്റെ അണിയറ പ്രവര്‍ത്തകരോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ, അത് തന്നെ നിരാശപ്പെടുത്തിയെന്നും പാര്‍വ്വതി പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ കസബ കണ്ടു. ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. ഒരു നായകന്‍ പറയുമ്പോള്‍ തീര്‍ച്ചയായും അതിനെ മഹത്വവല്‍ക്കരിക്കുക തന്നെയാണ് ചെയ്യുന്നത്. ഇത് മറ്റു പുരുഷന്‍മാര്‍ക്കും ഇങ്ങനെ ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണെന്നും പാര്‍വ്വതി പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ക്കെതിരെ നമ്മള്‍ ഒരുപാട് സംസാരിച്ചു. ഇനിയും സംസാരിച്ചുകൊണ്ടേയിരിക്കും. കാരണം ഇതുപോലുള്ള നായകത്വം നമുക്ക് വേണ്ട. സിനിമാമേഖലയില്‍ നിന്ന് നിരവധിയാളുകള്‍ വനിതാകൂട്ടായ്മക്ക് പിന്തുണയാണ് നല്‍കിയത്. വളരെ പോസിറ്റീവായിരുന്നു പല സഹപ്രവര്‍ത്തകരുടേയും സംവിധായകരുടേയും പിന്തുണയെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.

യുവനടി ആക്രമിക്കപ്പെട്ടതിനുശേഷമാണ് മലയാളസിനിമയില്‍ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ കളക്റ്റീവ് രൂപംകൊണ്ടത്. മഞ്ജുവാര്യര്‍, ഗീതുമോഹന്‍ദാസ്, റിമ കല്ലിങ്കല്‍ തുടങ്ങി പ്രമുഖ താരനിരതന്നെ കൂട്ടായ്മയുടെ മുന്‍പന്തിയിലുണ്ട്.

കടപ്പാട് മാതൃഭൂമി