കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പിന്തുണച്ച് നടി പ്രവീണ രംഗത്ത്. ഒരിക്കലും ഇതുപോലൊരു പ്രവര്‍ത്തി ദിലീപേട്ടന്‍ ചെയ്യില്ലെന്ന് പ്രവീണ പറഞ്ഞു. ദിലീപിനു പിന്തുണയുമായി സിനിമാരംഗത്തുനിന്നും ഒട്ടേറെ പേര്‍ എത്തുന്നതിനിടെയാണ് പ്രവീണയും പിന്തുണയുമായി എത്തിയിരിക്കുന്നത്. ഒരു സ്വകാര്യ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പരാമര്‍ശം.

ദിലീപ് ഒരിക്കലും ഇത്തരത്തിലുള്ള പ്രവര്‍ത്തി ചെയ്യില്ല. മാന്യമായി സ്ത്രീകളോട് പെരുമാറുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹമെന്നും പ്രവീണ പറഞ്ഞു. ദിലിപിനെതിരെ ആരൊന്തൊക്കെയോ പ്ലാന്‍ ചെയ്തിട്ടുണ്ടെന്നാണ് തോന്നുന്നത്. ദിലീപുമായി നിരവധി ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. താനുള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് കനത്ത പിന്തുണയും സംരക്ഷണവുമാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. മനുഷ്യരാണ് ലോകത്തിലെ ഏറ്റവും ചീത്ത ജീവികളെന്നും പ്രവീണ പറയുന്നു.

അതേസമയം, ദിലീപിനെതിരെ ചാനലുകള്‍ ആക്രമണം നടത്തുകയാണെന്നും പ്രവീണ പ്രതികരിച്ചു. സിനിമാക്കാരെ വെച്ചാണ് ചാനലുകള്‍ പണം വാരുന്നത്. ഇക്കാര്യത്തില്‍ ചാനലുകള്‍ ദിലീപിനെ വെറുതെ ആക്രമിക്കുകയാണ്. റേറ്റിംഗിന് വേണ്ടി ദയവുചെയ്ത് ഇങ്ങനെയൊന്നും ചെയ്യരുത്. റിപ്പോര്‍ട്ടുകള്‍ സത്യസന്ധമാവണം. മരിക്കാന്‍ കിടക്കുന്നവരെ കുത്തിക്കൊല്ലുന്ന പ്രവണതയാണ് ചാനലുകള്‍ കാണിക്കുന്നതെന്നും പ്രവീണ കൂട്ടിച്ചേര്‍ത്തു.