ചെന്നൈ: ബി.ജെ.പിയില്‍ ചേര്‍ന്ന ഖുശ്ബുവിനെതിരെ വിമര്‍ശനവുമായി നടി രഞ്ജിനി. അവസരവാദിയാണ് താന്നെന്ന് ഖുശ്ബു തെളിയിച്ചുവെന്ന് രഞ്ജിനി പറഞ്ഞു.

ഖുഷ്ബു സിനിമ മേഖലക്കാകെ നാണക്കേടുണ്ടാക്കി. രാഷ്ട്രീയമെന്നത് ക്ഷമയും നയചാതുര്യവും അതിനേക്കാളുമുപരി ആദര്‍ശവുമാണ്. അല്ലാതെ നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള പദവി ഉറപ്പിക്കലല്ല. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും നിരന്തരം കുറ്റപ്പെടുത്തിയിരുന്ന താങ്കള്‍ ഇന്നലെ മോദിയെ സ്തുതിച്ചത് നിരാശാജനകമാണ്. ഇന്ത്യയെ നയിക്കാന്‍ അനുയോജ്യനായ ഒരേ ഒരു വ്യക്തി മോദിയാണെന്ന സ്തുതി താങ്കള്‍ ഒരു അവസരവാദിയാണെന്നല്ലേ കാണിക്കുന്നത്.

അപക്വമായ പ്രസ്താവനകളുടെ പേരില്‍ മറ്റുമേഖലയിലുള്ളവര്‍ സിനിമാക്കാരെ പരിഹസിക്കുന്നതില്‍ ആശ്ചര്യമില്ലെന്ന് ഖുശ്ബു സ്ഥിരീകരിച്ചിരിക്കുന്നു. നിങ്ങളുടെ സ്വാര്‍ത്ഥത സിനിമ മേഖലക്കൊന്നാകെ നാണക്കേട് കൊണ്ടുവന്നിരിക്കുന്നു”-രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.

ഖുശ്ബു തിങ്കളാഴ്ചയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. എന്നാല്‍ പ്രധാനമന്ത്രിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ പിന്‍വലിക്കുകയില്ലെന്നും പ്രതിപക്ഷത്ത് നില്‍ക്കുമ്പോള്‍ തന്റെ ജോലി അതായിരുന്നെന്നും ഖുശ്ബു പ്രതികരിച്ചു.