Connect with us

kerala

പൊലീസിന്റെ കായിക ചുമതലയിൽ നിന്ന് എഡിജിപി എം.ആര്‍ അജിത്കുമാറിനെ മാറ്റി

ബോഡി ബില്‍ഡിങ്ങ് താരങ്ങളെ സിവില്‍ പൊലീസ് ഓഫീസര്‍മാരായി നിയമിക്കാനുള്ള സർക്കാർ നീക്കം വിവാദമായിരുന്നു. 

Published

on

പൊലീസിലെ കായിക വകുപ്പിന്റെ ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റി. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്തിനാണ് പകരം ചുമതല നല്‍കിയത്. ബോഡി ബില്‍ഡിങ്ങ് താരങ്ങളെ സിവില്‍ പൊലീസ് ഓഫീസര്‍മാരായി നിയമിക്കാനുള്ള സർക്കാർ നീക്കം വിവാദമായിരുന്നു.

പൊലീസ് സേനയിലെ കായികമേഖലയിലെ റിക്രൂട്ട്‌മെന്റ് അടക്കമുള്ള കാര്യങ്ങള്‍ നോക്കിയത് എം ആര്‍ അജിത് കുമാറാണ്. ഏതെങ്കിലും നാഷണല്‍ മീറ്റിലോ, കോമണ്‍വെല്‍ത്ത് ഗെയിംസിലോ ഒക്കെ മെഡല്‍ നേടിയവരെയാണ് സാധാരണ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമിച്ചിരുന്നത്. എന്നാല്‍ അടുത്തിടെ ഒരു ബോഡി ബില്‍ഡിങ് താരത്തെ ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ നിയമിക്കാനുള്ള തീരുമാനം ഏറെ ചര്‍ച്ചയായിരുന്നു.

കണ്ണൂര്‍ സ്വദേശിയായ ഒരു വോളിബോള്‍ താരത്തെക്കൂടി പൊലീസില്‍ നിയമിക്കാന്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. എന്നാല്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ ഇതിന് തയ്യാറായില്ല. സമ്മര്‍ദ്ദം ശക്തമായതോടെ അജിത് കുമാര്‍ അവധിയില്‍ പോയി. പിന്നീട് സര്‍വീസില്‍ തിരികെ കയറിയപ്പോള്‍ കായിക ചുമതല തന്നില്‍ നിന്നും മാറ്റണമെന്ന് എഡിജിപി അജിത് കുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് എഡിജിപി എസ് ശ്രീജിത്തിന് പൊലീസിലെ കായിക വകുപ്പിന്റെ ചുമതല നല്‍കിയത്. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയിരുന്നു. തുടര്‍ന്ന് പൊലീസ് ബറ്റാലിയന്റെ ചുമതല അജിത് കുമാറിന് നല്‍കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 520 കുറഞ്ഞു

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 520 രൂപ കുറഞ്ഞ് 71,520 രൂപയായി. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 8940 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്ത് ദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം മുതല്‍ വില കുറഞ്ഞത്. 17 ന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71,000 കടന്നത്. ആറുദിവസത്തിനിടെ 2800 രൂപയാണ് കുറഞ്ഞത്.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

Continue Reading

kerala

‘ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് സ്ഫോടനം’; സെക്രട്ടേറിയറ്റിനും ക്ലിഫ് ഹൗസിനും ബോംബ് ഭീഷണി

Published

on

മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിന് നേരെ ബോംബ് ഭീഷണി. ക്ലിഫ് ഹൗസിലേക്കും ധന – ഗതാഗത സെക്രട്ടറിമാരുടെ ഇ – മെയിലിലേക്കും ഭീഷണി സന്ദേശം എത്തി. കമ്മീഷണർക്ക് ഭീഷണി സന്ദേശമെത്തിയത് ഇ മെയിലിലൂടെയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് പിന്നാലെ രാജ്ഭവനിലും ബോംബ് ഭീഷണി സന്ദേശം എത്തി. സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു.

വഴുതക്കാട്ടെ ഗതാഗത കമ്മീഷണര്‍ ഓഫീസിലും സ്‌ഫോടനമുണ്ടാകുമെന്ന് സന്ദേശത്തില്‍ പറയുന്നു. ഇന്നുരാവിലെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത്. ബോംബ് ഭീഷണിയെത്തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയാണ്. തലസ്ഥാനത്ത് ഇതിനോടകം 17 ഓളം ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അസ്വാഭാവികമായ രീതിയിലുള്ള ഒരു തെളിവുകളും ഇതുവരെ കണ്ടെത്താനായിട്ടില്ല. നിരന്തരമായി തലസ്ഥാനത്തെ ചില പ്രധാനപ്പെട്ട സ്ഥലങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ഭീഷണി സന്ദേശങ്ങൾ എത്തുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ ഇതിന്റെ ഉറവിടം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് ഗൗരവമായി അന്വേഷിക്കുകയാണ്.

കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി ലഭിച്ചിരുന്നു. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍, ധനകാര്യ സെക്രട്ടറിയുടെ ഓഫീസ്, നെടുമ്പാശ്ശേരി വിമാനത്താവളം തുടങ്ങിയവയിലും ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. നേരത്തെ വഞ്ചിയൂര്‍ കോടതിയിലും തിരുവനന്തപുരം കലക്ടറേറ്റിലും ബോംബ് ഭീഷണിയെത്തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കന്‍ കേരളത്തില്‍ ഇന്നു മുതല്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മൂന്നു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

നാളെ വയനാട്, കണ്ണൂര്‍ ജില്ലകളിലും, ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് പകല്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന ചൂടില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യത.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Continue Reading

Trending