ന്യൂഡല്‍ഹി: ‘ ഒരു ഹിന്ദു സ്ത്രീയെ മതംമാറ്റം നടത്തിയാല്‍ ഹിന്ദു യുവാക്കള്‍ 100 മുസ്്‌ലിം യുവതികളെ വിവാഹം ചെയ്യും’, ‘ അവര്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ കൊണ്ടുപോയാല്‍, ഞങ്ങള്‍ 100 മുസ്്‌ലിം പെണ്‍കുട്ടികളെ കൊണ്ടുപോകും’, ‘ഹിന്ദു സ്ത്രീകള്‍ ഇത്തരത്തില്‍ അപമാനക്കപ്പെട്ടിട്ട് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ക്കു തന്നെ കൈകാര്യം ചെയ്യേണ്ടി വരും’,

മുസ്്‌ലിം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ ലവ് ജിഹാദ് നടത്തി വിവാഹം ചെയ്യുന്നു എന്ന ആരോപണ വേളയില്‍ യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവനകളാണിത്. എല്ലാ ജാതി-മതവിഭാഗങ്ങളെയും അല്‍പ്പമെങ്കിലും ഉള്‍ക്കൊള്ളുന്ന നേതാവിനെയല്ല, വിദ്വേഷ പ്രസ്താവനകള്‍ നടത്താന്‍ യാതൊരു മടിയുമില്ലാത്ത വര്‍ഗീയഭ്രാന്തിനെയാണ് യഥാര്‍ത്ഥത്തില്‍ ബി. ജെ. പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കുന്നത്. ആദിത്യനാഥിന്റെ രാഷ്ട്രീയ ജീവചരിത്രം അത്തരമൊരു ഭ്രാന്തിനെ തെല്ലും പിശുക്കില്ലാതെ കാട്ടിത്തരികയും ചെയ്യും.
കിഴക്കന്‍ യു.പിയിലെ സവര്‍ണ രജ്പുത് കുടുംബത്തിലാണ് ജനനം. യഥാര്‍ത്ഥ പേര് അജയ്‌സിങ് ബിഷ്ത്. ഉത്തരാഖണ്ഡിലെ എച്ച്.എന്‍.ബി ഘര്‍വാള്‍ സര്‍വകലാശാലയില്‍ നിന്ന് ബി.എസ്.സി ബിരുദം നേടി.
പഠനത്തിന് ശേഷം കാഷായവേഷം ധരിച്ച് സന്യാസം സ്വീകരിച്ചു. ആദിത്യനാഥ് എന്ന പേരും സ്വീകരിച്ചു. തീപ്പൊരി പ്രസംഗങ്ങള്‍ കൊണ്ടാണ് ഹിന്ദുത്വ വേദികളില്‍ ഇദ്ദേഹം നിറഞ്ഞു നിന്നത്. തീപ്പൊരി പ്രഭാഷണം അദ്ദേഹത്തിന് ഏറെ ആരാധകരുണ്ടാക്കി. ബാബരി മസ്ജിദ് ധ്വംസനത്തിനു ശേഷമുള്ള സാമുദായിക ധ്രുവീകരണം പാര്‍ലമെന്റിലേക്ക് ടിക്കറ്റും നല്‍കി. 1998ലായിരുന്ന ഗോരക്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ആദ്യജയം. 1999, 2004, 2009, 2014 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ജയം ആവര്‍ത്തിച്ചു. യു.പിയിലെ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മുഖ്യസംഘാടകന്‍, ഹിന്ദുമഹാസഭാ നേതാവ് മഹന്ദ് അവൈദ്യനാഥ് ആയിരുന്നു ഗുരു.
26ാം വയസ്സിലായിരുന്ന ലോക്‌സഭയിലെ അരങ്ങേറ്റം. 2014ല്‍ 1, 42,309 വോട്ടിനായിരുന്നു അദ്ദേഹത്തിന്റെ ജയം. ഓരോ തവണയും തീവ്രമുസ്്‌ലിം-ക്രൈസ്തവ വിരുദ്ധ പരാമര്‍ശം കൊണ്ട് അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞു. ഇതിനിടയില്‍ സായുധ സേനയായ ഹിന്ദു യുവവാഹിനി എന്ന സംഘടന രൂപീകരിച്ചും പ്രവര്‍ത്തനം ആരംഭിച്ചു. 2005ല്‍ ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്ക് കൂട്ടമതപരിവര്‍ത്തനം നടത്തി വാര്‍ത്ത സൃഷ്ടിച്ചു.
യു.പിയിലെ ഇറ്റയില്‍ 1800 ക്രിസ്ത്യാനികളാണ് ഹിന്ദുമതത്തിലെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.
2007 ല്‍ ഖോരക്പൂരില്‍ മുഹര്‍റം ദിനാചരണത്തിനിടെ, മജിസ്‌ട്രേറ്റ് ഉത്തരവ് മറികടന്ന് സംഘര്‍ഷ സ്ഥലത്ത് പ്രവേശിച്ചതിന് ആദിത്യനാഥിനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചിരുന്നു. ഇദ്ദേഹം നടത്തിയ വിദ്വേഷ പ്രസംഗമായിരുന്നു കലാപത്തിലേക്ക് നയിച്ചത്.
യോഗിയെ അറസ്റ്റ് ചെയ്തില്‍ പ്രതിഷേധിച്ച് ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമാകുകയും മുംബൈ ഗോരക്പൂര്‍ എക്‌സ്പ്രസ്സിന് തീവെക്കുകയും ചെയ്തിരുന്നു.
ഗോരക്പൂര്‍ കലാപത്തിലേക്ക് നയിച്ച സംഭവ വികാസങ്ങളുടെ തുടക്കം യോഗി ആദിത്യ നാഥായിരുന്നു. നിരവധി മുസ്്‌ലിം പള്ളികളും, വീടുകളും, വാഹനങ്ങളുമാണ് അക്രമികള്‍ തീവെച്ച് നശിപ്പിച്ചത്.
ഇതുകൂടാതെ, യോഗ നടത്താത്തവര്‍ പാകിസ്താനിലേക്ക് പോകണം, ഷാറൂഖ് ഖാനും ഹാഫിസ് സഈദും തമ്മില്‍ അന്തരമൊന്നുമില്ല തുടങ്ങിയ കുപ്രസിദ്ധ പ്രസ്താവനകളും നിയുക്ത മുഖ്യമന്ത്രിയുടേത് തന്നെ.