പാക് ക്രിക്കറ്റിലെ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്ക് മുന്നറിയിപ്പുമായി അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം. വായടച്ചില്ലെങ്കില്‍ അഫ്രീദി വിവരമറിയുമെന്നാണ് ദാവൂദിന്റെ ഭീഷണി.

അടുത്തിടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍മാരായ അഫ്രീദിയും മിയാന്‍ദാദും തമ്മില്‍ വാക്ക് പോര് മുറുകിയിരുന്നു. മിയാന്‍ ദാദിന്റെ മകനാണ് ദാവൂദിന്റെ മകളെ വിവാഹം ചെയ്തിരിക്കുന്നത്. മിയാന്‍ദാദിനോടുള്ള അഫ്രീദിയുടെ പ്രതികരണമാണ് ദാവൂദിന്റെ ഈ ഭീഷണിക്ക് പിന്നിലുള്ള കാരണം.

ഒത്തുകളിച്ച് പാക് ക്രിക്കറ്റിനെ അഫ്രീദി നശിപ്പിച്ചെന്നായിരുന്നു മിയാന്‍ദാദിന്റെ ആരോപണം. പണത്തിന് വേണ്ടിയാണ് അഫ്രീദി വിടവാങ്ങല്‍ മത്സരം പോലും കളിച്ചതെന്നും മിയാന്‍ദാദ് പറഞ്ഞിരുന്നു. ഈ ആരോപണം പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അഫ്രീദി വ്യക്തമാക്കിയിരുന്നു. ഈ ലോകത്ത് മിയാന്‍ദാദിന് മറ്റെന്തിനേക്കാളും വലുത് പണമാണെന്നും അഫ്രീദി ആരോപിച്ചിരുന്നു. ആരോപണം അതിരുവിട്ടപ്പോഴാണ് ദാവൂദ് ഇബ്രാഹിം ഭീഷണി സ്വരവുമായി രംഗത്തെത്തിയിരിക്കുന്നത്. മിയാന്‍ദാദിനെതിരെ ഇനി മിണ്ടരുതെന്നും, മിണ്ടിയാല്‍ വിവരമറിയുമെന്നും ദാവൂദ് പറയുന്നു. രണ്ടുദിവസം മുമ്പാണ് ഭീഷണി സന്ദേശം അഫ്രീദിക്ക് ലഭിച്ചത്. ഭീഷണിക്ക് ശേഷം അഫ്രീദി മിയാന്‍ദാദിനെതിരെ മിണ്ടിയിട്ടില്ലെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.