ജയ്പൂര്‍: രണ്ടാം വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി തൂണിന് മുകളില്‍ കയറി 60കാരന്റെ ആത്മഹത്യാഭീഷണി. രാജസ്ഥാനിലെ ദോല്‍പൂരിലാണ് സംഭവം. സോഭരന്‍ സിങ്ങാണ് ഹൈ ടെന്‍ഷന്‍ ലൈന്‍ കടന്നു പോകുന്ന പോസ്റ്റിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

അഞ്ച് മക്കളുടെ പിതാവായ സോഭരന്‍ സിങ്ങിന്റെ ഭാര്യ മരിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ രണ്ടാമതൊരു വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍, കുടുംബം അതിന് സമ്മതിച്ചില്ല. ഇതോടെയായിരുന്നു ആത്മഹത്യ ഭീഷണി. സോഭരന്‍ സിങ് ഹൈടെന്‍ഷന്‍ പോസ്റ്റിലേക്ക് കയറുന്നത് കണ്ടയുടന്‍ നാട്ടുകാര്‍ വൈദ്യുതി വകുപ്പില്‍ വിവരമറിയിച്ചതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.

കഴിഞ്ഞ ദിവസം രണ്ടാം വിവാഹത്തിനായി സോഭരന്‍ സിങ് കുടുംബത്തിന്റെ സമ്മതം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ വഴക്കും നടന്നിരുന്നു. തുടര്‍ന്നായിരുന്നു ഇലക്ട്രിക് പോസ്റ്റില്‍ കയറി ആത്മഹത്യ ഭീഷണി. പിന്നീട് കുടുംബാംഗങ്ങളെത്തിയാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കിയത്.