ജയ്പൂര്‍: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെ രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തിക്കാനുള്ള തീരുമാനത്തിനെതിരെ ബിജെപി എം.എല്‍.എ രംഗത്ത്. ഗന്‍ശ്യം തിവാരിയാണ് ബി.ജെ.പിയുടെ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരാളെ മത്സരിപ്പിക്കാനുള്ള തീരുമാനം അനൗചിത്യമാണെന്ന് ഗന്‍ശ്യം തിവാരി കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് ജനപിന്തുണയില്ലാത്ത ഒരു നേതാവിനെ മത്സരിപ്പിക്കുന്നതിന്റെ പിന്നിലെ അനൗചിത്യമാണ് എംഎല്‍എ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ബിജെപിയുടെ മറ്റ് എംഎല്‍എമാരോ നേതാക്കളൊ പാര്‍ട്ടി തീരുമാനത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയ്ക്കും മറ്റു ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയാണ് അല്‍ഫോന്‍സ് പത്രിക സമര്‍പ്പിച്ചത്. വെങ്കയ്യനായിഡു ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്ക് നവംബര്‍ 16നാണ് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്.